
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കുത്തിവെപ്പ് എടുത്ത് അബോധാവസ്ഥയിൽ ആയ രോഗി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന മലയിൻകീഴ് സ്വദേശി സ്വദേശി കൃഷ്ണ (28)യാണ് മരിച്ചത്.
ആറു ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്നു. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിയ യുവതിക്ക് ഇഞ്ചക്ഷൻ നൽകിയിരുന്നു. ഇതിനു ശേഷം യുവതി അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിൻ്റെ ആരോപണം. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവാണ് കൃഷ്ണയുടെ അവസ്ഥയ്ക്ക് കാരണമെന്നാണ് ആരോപിക്കുന്നത്. ബന്ധുക്കളുടെ പരാതിയിൽ ഡ്യൂട്ടി ഡോക്ടർക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തിരുന്നു.
വയറുവേദനയെ തുടർന്നാണ് യുവതിയെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് നൽകിയ കുത്തിവെപ്പിൽ യുവതി അബോധാവസ്ഥയിൽ ആവുകയും, തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.