പ്രതിയെ തേടി പൊലീസ് എത്തി; സിപിഐ നേതാവും പൊലീസും തമ്മിൽ തർക്കം

സംഘർഷത്തിനിടെ എൽഡിഎഫ് പ്രവർത്തകൻ പൊലീസിന്റെ ഷർട്ടിൽ പിടിച്ച് വലിച്ചതിനാണ് പൊലീസ് നടപടി
പ്രതിയെ തേടി പൊലീസ് എത്തി; സിപിഐ നേതാവും പൊലീസും തമ്മിൽ തർക്കം
Published on

പാലക്കാട് കാഞ്ഞിരപ്പുഴയിൽ സിപിഐ നേതാവ് മണികണ്ഠൻ പൊറ്റശേരിയും പൊലീസും തമ്മിൽ തർക്കം. പ്രതിയെ തേടി പൊലീസെത്തിയതാണ് തർക്കത്തിന് കാരണം. ചിറക്കൽപടിയിൽ എൽഡിഎഫ് - ജനകീയ വേദി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിനിടെ എൽഡിഎഫ് പ്രവർത്തകൻ പൊലീസിന്റെ ഷർട്ടിൽ പിടിച്ച് വലിച്ചതിനാണ് പൊലീസ് നടപടി.

ഇന്ന് വൈകീട്ട് ചിറക്കൽപടി- കാഞ്ഞിരപ്പുഴ റോഡിൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. നാളെയാണ് റോഡിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. അതിൻ്റെ ഭാഗമായി ഇന്ന് ജനകീയ വേദിയുടെ നേതൃത്വത്തിൽ ജനകീയ ഉദ്ഘാടനം നടത്താൻ ശ്രമം നടന്നിരുന്നു. റോഡിൻ്റെ നിർമാണ പ്രവർത്തനങ്ങൾ ഏറെ വൈകി, ഇതിന് വേണ്ടി ഒരുപാട് സമരങ്ങൾ നടത്തി, സമരത്തിന് ഒടുവിലാണ് റോഡുപണി പൂർത്തിയായത് തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് ജനകീയ വേദി പ്രവർത്തകർ ജനകീയ ഉദ്ഘാടനം നടത്താൻ ശ്രമം നടത്തിയത്. ഇതിനെതിരെ എൽഡിഎഫ് പ്രവർത്തകർ വരികയും അത് തർക്കത്തിൽ കലാശിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടെ ഒരു പൊലീസുകാരൻ്റെ ഷർട്ടിൽ എൽഡിഎഫ് പ്രവർത്തകനായ റിയാസ് പിടിച്ചതാണ് കേസിന് ഇടയാക്കിയത്. പൊലീസ് ഉദ്യോഗസ്ഥൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനാണ് കേസ്. 

റിയാസിൻ്റെ ഫോൺ ടവർ ലൊക്കേഷൻ സിപിഐ നേതാവ് മണികണ്ഠൻ പൊറ്റശേരിയുടെ വീടിന് സമീപമാണ് കണ്ടത്. ഈ സാഹചര്യത്തിലാണ് സിഐ രാത്രിയോടെ മണികണ്ടഠൻ പൊറ്റശേറിയുടെ വീടിന് സമീപത്ത് എത്തുകയും അത് വലിയ തർക്കമായി മാറുകയും ചെയ്തത്. പൊലീസിനെ വീട് പരിശോധിക്കാൻ അനുവദിക്കാതിരുന്ന സിപിഐ നേതാവ്, പൊലീസിൻ്റെ നടപടിയെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതേതുടർന്ന് പൊലീസ് മടങ്ങിപ്പോയി. സാധാരണ ഗതിയിൽ സമരങ്ങൾ നടക്കുമ്പോൾ ഉണ്ടാകുന്ന തർക്കം മാത്രമാണ് അവിടെ ഉണ്ടായത്, സംഘടിതമായി പൊലീസിനെ ആക്രമിക്കുകയോ മറ്റോ ചെയ്തിട്ടില്ല, ഇത്രയും ഗൗരവത്തോടെ കാണേണ്ടതില്ല എന്നുമാണ് സിപിഐ നേതാവ് പറയുന്നത്. സംഭവത്തിൽ സിഐയ്ക്ക് എതിരെ പരാതി നൽകുമെന്നും മണികണ്ഠൻ പൊറ്റശേരി പറയുന്നുണ്ട്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com