
ജമ്മു കാശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി ജമ്മു കശ്മീരിലെ പ്രദേശ് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. പ്രദേശ് യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലയുള്ള മാന്‍ സിംഗ് റാത്തോഡിന്റെ നേതൃത്വത്തിലാണ് ബിജെപിക്കെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധ മാര്‍ച്ച് നടത്തിയത്. അതേസമയം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സെപ്തംബര്‍ 30-ന് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനിരിക്കെ ലഫ്.ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയത് കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീരിനെ ഡല്‍ഹി ആക്കി മാറ്റാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമമാണ്. ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറല്ലെന്നുമാണ് ഇത് വ്യക്തമാക്കുന്നതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
ജമ്മു കാശ്മീരില്‍ അടിക്കടിയുണ്ടാകുന്ന അക്രമ സംഭവങ്ങള്‍ കാണിക്കുന്നത് ഈ സര്‍ക്കാരിന്റെ സമ്പൂര്‍ണ പരാജയമാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ എല്ലാ ജനങ്ങളും പ്രതികരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.