കലാഭവൻ മണിയുടെ സ്മാരകം; നിർമാണം വൈകുന്നതിൽ പ്രതിഷേധം ശക്തം

വിഷയത്തിൽ എംഎൽഎ സനീഷ് കുമാർ ജോസഫിനും ചാലക്കുടി നഗരസഭയ്ക്കും വീഴ്ചയുണ്ടെന്ന് എൽഡിഎഫ് പ്രവർത്തകർ ആരോപിക്കുമ്പോൾ ഇടതുപക്ഷ സർക്കാരിനെതിരെയാണ് യുഡിഎഫ് അംഗങ്ങളുടെ വിമർശനം ഉന്നയിക്കുന്നത്
കലാഭവൻ മണിയുടെ സ്മാരകം; നിർമാണം വൈകുന്നതിൽ പ്രതിഷേധം ശക്തം
Published on

മലയാളികളുടെ പ്രിയ നടൻ കലാഭവൻ മണിയുടെ സ്മാരകം വൈകുന്നതിനെ ചൊല്ലി ചാലക്കുടിയിൽ പ്രതിഷേധം ശക്തമാകുന്നു. മണിയുടെ സുഹൃത്തുക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം തുടരുന്നത്. വിഷയത്തിൽ എംഎൽഎ സനീഷ് കുമാർ ജോസഫിനും ചാലക്കുടി നഗരസഭയ്ക്കും വീഴ്ചയുണ്ടെന്ന് എൽഡിഎഫ് പ്രവർത്തകർ ആരോപിക്കുമ്പോൾ ഇടതുപക്ഷ സർക്കാരിനെതിരെയാണ് യുഡിഎഫ് അംഗങ്ങളുടെ വിമർശനം ഉന്നയിക്കുന്നത്.


ചാലക്കുടിയുടെ സ്വന്തം കലാകാരനായ കലാഭവൻ മണി മരിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും സ്മാരകമെന്ന സ്വപ്നം യാഥാർഥ്യമായിട്ടില്ല. സാംസ്കാരിക വകുപ്പ് 3 കോടി രൂപ ഫണ്ട് അനുവദിക്കുകയും സ്ഥലം ഏറ്റെടുക്കുകയും ചെയ്തിട്ടും സ്മാരകത്തിൻ്റെ നിർമാണം വൈകുന്നതിന് പിന്നിൽ ഇടതുപക്ഷ സർക്കാരാണ് എന്നാണ് യുഡിഎഫിൻ്റെ ആരോപണം. ഫോക് ലോർ അക്കാദമിയെ ആണ് സ്മാരകം നിർമിക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ തീരുമാനമെടുത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും നിർമാണം വൈകുന്നതിന് പിന്നിൽ സർക്കാരിൻ്റെ അലംഭാവം ആണെന്ന വിമർശനവും യുഡിഎഫ് ഉന്നയിക്കുന്നു.


സ്മാരക നിർമാണം ആരംഭിക്കാത്തതിൻ്റെ കാരണം സനീഷ് കുമാർ ജോസഫ് എംഎൽഎയുടെയും ചാലക്കുടി നഗരസഭയുടെയും വീഴ്ചയാണെന്നാണ് എൽഡിഎഫ് കൗൺസിലർമാരുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി നഗരസഭയ്ക്ക് മുന്നിൽ കുത്തിയിരുന്ന് എൽഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നിരുന്നു.


സ്മാരകത്തിൻ്റെ നിർമാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മണിയുടെ സുഹൃത്തും സാമൂഹ്യ പ്രവർത്തകനുമായ ജയൻ പട്ടത്ത് നഗരസഭയ്ക്ക് മുന്നിൽ കണ്ണ് മൂടി കെട്ടി ഒറ്റയാൾ സമരം നടത്തുകയും ചെയ്തു. മാർച്ച് ആറിന് മണിയുടെ ഒൻപതാം ചരമ വാർഷിക ദിനത്തിലെങ്കിലും സ്മാരകത്തിൻ്റെ തറക്കല്ല് ഇടണമെന്ന ആവശ്യമാണ് ജയൻ പട്ടത്തും സുഹൃത്തുക്കളും ഉന്നയിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com