നിള ബോട്ട് ക്ലബിൻ്റെ അനധികൃത പ്രവർത്തനം: പ്രതിഷേധം ശക്തം

നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മുതൽ ജില്ലാ കളക്ടർക്ക് വരെ പരാതി നൽകിയിട്ടും സർക്കാർ തലത്തിലും നടപടികൾ ഉണ്ടാകാത്തതിലും ജനങ്ങൾക്ക് അമർഷം ഉണ്ട്
നിള ബോട്ട് ക്ലബിൻ്റെ അനധികൃത പ്രവർത്തനം: പ്രതിഷേധം ശക്തം
Published on

തൃശൂർ ചെറുതുരുത്തിയിൽ അനധികൃതമായി പ്രവർത്തനം തുടരുന്ന നിള ബോട്ട് ക്ലബിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം അപകടങ്ങൾക്കിടയാക്കുമെന്നും ഭാരതപ്പുഴയിലെ കുടിവെള്ള പദ്ധതികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് എതിർപ്പ് ഉയരുന്നത്. സ്ഥാപനത്തിനെതിരെ വ്യാപക പരാതികൾ ഉയർന്നിട്ടും പൊലീസും വിവിധ വകുപ്പുകളും ഇനിയും നടപടിയെടുത്തിട്ടില്ല.

സ്റ്റോപ്പ് മെമ്മോയടക്കം കൊടുത്തിട്ടും, നിള ബോട്ട് ക്ലബ് അനധികൃത ബോട്ടിങ് തുടരുകയാണ്. റവന്യു, കൃഷി, ഇറിഗേഷൻ വകുപ്പുകൾ പദ്ധതിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവിലയാണ് അധികൃതർ നൽകുന്നത് എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. നെൽപ്പാടം കയ്യേറി മണ്ണിട്ട് നികത്തിയും പുറമ്പോക്ക് തോട് ഗതി മാറ്റി നിർമാണം നടത്തിയുമാണ് നിള ബോട്ട് ക്ലബിൻ്റെ തുടക്കം. അധികാരികളുടെയും രാഷ്ട്രീയ നേതാക്കളുടെയും പിന്തുണയോടെ ഈ അനധികൃത സംവിധാനം നിർബാധം പ്രവർത്തനം തുടരുകയാണ്.


നിള ബോട്ട് ക്ലബ്ബിനെതിരെ പ്രതിഷേധങ്ങൾ രൂക്ഷമാകുമ്പോഴും സിപിഐഎം നേതൃത്വം നൽകുന്ന വള്ളത്തോൾ നഗർ പഞ്ചായത്തും ഭരണ സമിതി ഇതേക്കുറിച്ച് വിശദീകരിക്കാൻ തയ്യാറാകുന്നില്ല.സിപിഐയുടെ ലോക്കൽ സെക്രട്ടറി നിള ബോട്ട് ക്ലബിന് അനുകൂലമായി പ്രചാരണം നടത്തുന്നുവെന്നും ആരോപണവും ഉയർന്നിട്ടുണ്ട്. നിള ബോട്ട് ക്ലബ്ബിന്റെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മുതൽ ജില്ലാ കളക്ടർക്ക് വരെ പരാതി നൽകിയിട്ടും സർക്കാർ തലത്തിലും നടപടികൾ ഉണ്ടാകാത്തതിലും ജനങ്ങൾക്ക് അമർഷം ഉണ്ട്.

തദ്ദേശ ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ബോട്ട് ക്ലബിനായി നിയമ വിരുദ്ധമായി ഇടപെട്ടുവെന്ന ആരോപണവും ഇതിനു പിന്നാല ഉയർന്നിരുന്നു. പരിസ്ഥിതി പ്രവർത്തകൻ കെ.കെ. ദേവദാസാണ് മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്. മന്ത്രി പങ്കെടുത്ത തദ്ദേശ അദാലത്തിന്റെ മറവിലാണ് പഞ്ചായത്ത് അനുമതി നിഷേധിച്ച ബോട്ട് ക്ലബിന് പ്രവർത്തിക്കാൻ അനുവദിച്ചത്. സിപിഎമ്മിന്റെ പിന്തുണയില്ലാതെ അനധികൃതമായി പ്രവർത്തനങ്ങൾ നടക്കില്ലെന്നും ദേവദാസ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com