ബിജെപി അധ്യക്ഷ പദവികളിലേക്ക് വനിതകൾ വരുമോയെന്ന് ചോദ്യം; അസ്വസ്ഥനായി കെ. സുരേന്ദ്രൻ

സിപിഎമ്മിന് എത്ര മഹിളാ സെക്രട്ടറിമാർ ഉണ്ടെന്നായിരുന്നു സുരേന്ദ്രന്റെ മറുചോദ്യം
ബിജെപി അധ്യക്ഷ പദവികളിലേക്ക് വനിതകൾ വരുമോയെന്ന് ചോദ്യം; അസ്വസ്ഥനായി കെ. സുരേന്ദ്രൻ
Published on

കേരളത്തിലെ ബിജെപിയിൽ അധ്യക്ഷ പദവികളിലേക്ക് വനിതകൾ വരുമോയെന്ന ചോദ്യത്തിന് അസ്വസ്ഥനായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സിപിഎമ്മിന് എത്ര മഹിളാ സെക്രട്ടറിമാർ ഉണ്ടെന്നായിരുന്നു സുരേന്ദ്രന്റെ മറുചോദ്യം. ഒരു അധ്യക്ഷ പദവികളിലേക്കും തെരഞ്ഞെടുപ്പ് നടത്തില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലെ ബിജെപി പുനഃസംഘടനയിൽ വനിതാ ജില്ലാ അധ്യക്ഷന്മാരുണ്ടാകുമോയെന്ന അപ്രതീക്ഷിതമായ ചോദ്യത്തിൽ കെ. സുരേന്ദ്രൻ അസ്വസ്ഥനായി ഒന്നാലോചിച്ചു. പിന്നാലെ മറുപടി സിപിഎമ്മിന് എത്ര മഹിളാ സെക്രട്ടറിമാർ ഉണ്ടെന്നായിരുന്നു. അത് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോയെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് മറുചോദ്യം ചോദിച്ചു. കേരളം ഭരിക്കുന്നത് സിപിഎം അല്ലേ, ഒരു ജില്ലാ സെക്രട്ടറിയെങ്കിലും വനിതയാക്കുമോയെന്നും കെ. സുരേന്ദ്രൻ ചോദിച്ചു.

ജില്ലാ അധ്യക്ഷന്മാരെ ഈ മാസം 27ന് പ്രഖ്യാപിക്കുമ്പോൾ മഹിളകൾക്കും, ന്യൂനപക്ഷ വിഭാഗക്കാർക്കും പരിഗണന ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞുവെച്ചു. പിന്നാലെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മഹിളയെ പരിഗണിക്കുമോയെന്ന അടുത്ത ചോദ്യത്തിന്, അത് തീരുമാനിക്കേണ്ടവ‍ർ തീരുമാനിക്കും. അത് സംബന്ധിച്ച് ആശങ്ക വേണ്ട, കൃത്യമായ സമയത്ത് കൃത്യമായ ഉത്തരം ലഭിക്കും. ജില്ലാ അധ്യക്ഷ സ്ഥാനത്തേക്കോ, സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കോ തെരഞ്ഞെടുപ്പുകളില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാനുള്ള നടപടികൾ ദേശീയ നേതൃത്വം ദ്രുതഗതിയിലാക്കുകയാണ്. കെ. സുരേന്ദ്രൻ മാറുമെന്ന് ഉറപ്പായതോടെ പല പേരുകളും ചർച്ചയാവുന്നുണ്ട്. എന്നാൽ ആരാകുമെന്ന കാര്യം ചോദ്യചിഹ്നമായി തുടരുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com