
ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തിന് പിന്നാലെയുണ്ടായ മാലിന്യ പ്രശ്‌നത്തില്‍ പരസ്പരം പഴിചാരി നഗരസഭയും റെയില്‍വേയും. മാലിന്യം വരുന്നത് നഗരത്തിന്റെ പലഭാഗങ്ങളില്‍ നിന്നാണെന്നും അത് റെയില്‍വേയുടേതല്ലെന്നുമാണ് അഡീഷണല്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ എം ആര്‍ വിജിയുടെ ആരോപണം. റെയില്‍വേയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ഡിവിഷണല്‍ മാനേജറുടെ ആരോപണം. ശുചീകരണ പ്രവൃത്തി ചെയ്തത് നല്ല ഉദ്ദേശത്തോടുകൂടിയായിരുന്നു എന്നും മാനേജര്‍ പറഞ്ഞു.
കരാര്‍ തൊഴിലാളികള്‍ക്ക് കുടിവെള്ളം, ലൈറ്റ് തുടങ്ങി റെയില്‍വേയുടെ ഭാഗത്തുനിന്ന് ചെയ്യാന്‍ പറ്റുന്ന സഹായങ്ങളൊക്കെ ലഭ്യമാക്കുന്നുണ്ടെന്ന് മാനേജര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം എഡിആര്‍എമ്മിന് മറുപടിയുമായി മേയര്‍ രംഗത്തെത്തി. ഒരു വകുപ്പിനെയും കുറ്റപ്പെടുത്താന്‍ ഉള്ള സമയല്ല ഇതെന്ന് മേയര്‍ പറഞ്ഞു.
ഡിആര്‍എം അല്ലെങ്കില്‍ എഡിആര്‍എം ഇതുവരെ ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ല. നഗരസഭയുടെ നിരന്തര ഇടപെടലിന്റെ ഭാഗമായാണ് റെയില്‍വേയ്ക്ക് ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടിവന്നതെന്നും മേയര്‍ പറഞ്ഞു.
തെളിവ് സഹിതമാണ് കാര്യങ്ങള്‍ പറയുന്നത്. ബോധപൂര്‍വ്വം മാലിന്യ സംസ്‌കരണത്തില്‍ റെയില്‍വേ ഇടപെട്ടില്ല. നഗരസഭയുടെ പരിശോധന ഉണ്ടാകും. എവിടെയാണ് റെയില്‍വേയുടെ മാലിന്യ സംസ്‌കരണ പ്ലാന്റ് ഉള്ളതെന്നും മേയര്‍ ചോദിച്ചു. മനുഷ്യ വിസര്‍ജ്യം അടക്കമുള്ള മാലിന്യം സംസ്‌കരിക്കാന്‍ റെയില്‍വേ പ്രോപ്പര്‍ട്ടിയില്‍ സംവിധാനം ഉണ്ടോ? ഉണ്ടെങ്കില്‍ അത് കാണിച്ച് തരണം. എങ്ങനെയാണ് മാലിന്യ സംസ്‌കരണം നടത്തുന്നതെന്ന് റെയില്‍വേ നഗരസഭയെ ബോധ്യപ്പെടുത്തണം. എ ഡി ആര്‍ എം ചെയ്തത് മുന്‍കൂര്‍ ജാമ്യം എടുക്കലാണെന്നും മേയര്‍ പറഞ്ഞു.
ടണലിലേക്ക് വരുന്നത് റെയില്‍വേയുടെ മാലിന്യങ്ങളാണെന്നും, ടണലിലൂടെ റെയില്‍വേ കക്കൂസ് മാലിന്യം ഉള്‍പ്പെടെ തുറന്നുവിടുന്നെന്നും ആര്യ രാജേന്ദ്രന്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. അപകടത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്റെ മുന്നില്‍ നഗരസഭയുടെ ഭാഗം കൃത്യമായി വിശദീകരിക്കുമെന്നും, യാഥാര്‍ത്ഥ്യം രേഖാമൂലം നഗരസഭയുടെ പക്കല്‍ ഉണ്ടെന്നും ആര്യ രാജേന്ദ്രന്‍ അവകാശപ്പെട്ടു.
ജോയിയെ കാണാതായ സംഭവത്തില്‍ റെയില്‍വേയുടെ ഗുരുതര അലംഭാവമുണ്ടെന്ന സൂചന നേരത്തെ ലഭിച്ചിരുന്നു. കഴിഞ്ഞ മാസം 19ന് മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
മഴക്കാലത്ത് തമ്പാനൂര്‍ ഭാഗത്ത് പതിവാകുന്ന വെള്ളക്കെട്ടില്‍ നടപടി ആവശ്യപ്പെട്ടാണ് നഗരസഭ റെയില്‍വേയ്ക്ക് നോട്ടീസ് അയച്ചത്. അറിയിപ്പ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ മാലിന്യം നീക്കം ചെയ്ത് നഗരസഭയെ അറിയിക്കണമെന്നും, അല്ലാത്ത പക്ഷം നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. നിരവധി തവണ റെയില്‍വേയ്ക്ക് നോട്ടീസ് അയച്ചിട്ടും നടപടി സ്വീകരിച്ചിരുന്നില്ലെന്നും നഗരസഭ വ്യക്തമാക്കി.