
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് ഇടത് മുന്നണിക്കുണ്ടായ പരാജയത്തിൽ മുഖ്യമന്ത്രിക്കെതിരെ ശക്തമായ വിമർശനമുന്നയിച്ച് തോമസ് ചാഴിക്കാടൻ. കോട്ടയത്തെ തെരഞ്ഞെടുപ്പ് തോൽവിക്ക് മുഖ്യമന്ത്രിയുടെ നിലപാടുകളും കാരണമായെന്ന് ഇടത് സ്ഥാനാർത്ഥിയായിരുന്ന തോമസ് ചാഴിക്കാടൻ കുറ്റപ്പെടുത്തി. പാലായിൽ നടന്ന നവകേരള സദസ്സിലെ ശകാരം അടക്കം തിരിച്ചടിയായെന്നും, സിപിഎം വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിക്കാതെ പോയത് അന്വേഷിക്കണമെന്നും ചാഴിക്കാടൻ ആവശ്യപ്പെട്ടു. ഞായറാഴ്ച കോട്ടയത്ത് ചേർന്ന കേരളാ കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലായിരുന്നു ചാഴിക്കാടൻറെ പ്രതികരണം.
അതേസമയം തോൽവിയിൽ മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നത് ശരിയല്ലെന്നായിരുന്നു ജോസ് കെ മാണി അടക്കമുള്ളവർ യോഗത്തിൽ പറഞ്ഞത്. അതേ സമയം, സർക്കാരും മുന്നണിയും കൂട്ടായ തിരുത്തലുകൾക്ക് തയ്യാറാവണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. 2019ൽ യുഡിഎഫിന് ഒപ്പം നിന്ന് വിജയിച്ച കേരളാ കോൺഗ്രസ് എം 2024ൽ എൽഡിഎഫിന് ഒപ്പം ചേർന്നപ്പോൾ വലിയ പരാജയം നേരിട്ടത് സിപിഎമ്മിനുള്ളിലും, കേരളാ കോൺഗ്രസ് എമ്മിനുള്ളിലും വലിയ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിരുന്നു.