
കേരളത്തിൽ നിന്ന് കൂടുതൽ രക്ഷാ ഉപകരണങ്ങൾ എത്തിച്ചാലും, കാലാവസ്ഥ അനുകൂലമാകാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങില്ലെന്ന നിലപാടിൽ കാർവാർ ജില്ലാ ഭരണകൂടം. തൃശൂരിൽ നിന്നുള്ള വിദഗ്ധ സംഘത്തിന് ഷിരൂരിലേക്ക് എത്താനുള്ള അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, നിലവിൽ മുങ്ങാൻ സാധിക്കുന്ന സാഹചര്യമല്ല ഉള്ളത്. ആറിൽ ശക്തമായ അടിയൊഴുക്കുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, ഉത്തര കന്നഡയിൽ അടുത്ത 20 ദിവസം ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. നദിയിലെ അടിയൊഴുക്ക് ശക്തമായതിനാൽ രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിയിരുന്നു. മാൽപെയിൽ നിന്നുള്ള പ്രാദേശിക മുങ്ങൽ വിദഗ്ധരും ദൗത്യത്തിൽ നിന്നും പിന്മാറിയിരുന്നു. നദിയുടെ അടിത്തട്ടിലെ പാറക്കല്ലുകളും, മരങ്ങളും, ചെളിയും നീക്കാതെ ഒന്നും ചെയ്യാനാകില്ലെന്നാണ് മുങ്ങൾ വിദഗ്ധൻ ഈശ്വർ മാൽപെ നേരത്തെ അറിയിച്ചത്.