
കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ കേരളത്തിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ഒരു ഡിവൈഎസ്പിയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ശിരൂരിലെ സംഭവസ്ഥലത്ത് എത്തിയെന്നും എ.കെ. ശശീന്ദ്രൻ അറിയിച്ചു.
"രക്ഷാപ്രവർത്തനത്തിന്റെ പുരോഗതി മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രത്യേക സംഘം അറിയിക്കും. രക്ഷാപ്രവർത്തനത്തിലെ വീഴ്ച്ച ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ല. കുടുംബത്തിന്റെ ആശങ്ക ചീഫ് സെക്രട്ടറിയെ അറിയിക്കും. രക്ഷാപ്രവർത്തനത്തിൽ ഇപ്പോഴും പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷ നിലനില്‍ക്കുന്നതിനാലാണ് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയത്." എ.കെ. ശശീന്ദ്രൻ പറഞ്ഞു.
അപകടത്തിൽപ്പെട്ട് കാണാതായ അർജ്ജുന്റെ വീട് സന്ദർശിച്ചതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. "നേവിയും, എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ തെരച്ചിൽ തുടരുകയാണ്. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ട പ്രോട്ടോക്കോൾ പ്രകാരം അവരത് ചെയ്യുന്നുണ്ട്." എ.കെ. ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
അങ്കോള രക്ഷാപ്രവർത്തനം രാവിലെ പുനരാരംഭിച്ചുവെന്നും, കർണാടക സർക്കാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും, സാധ്യമായതെല്ലാം അവിടെ ചെയ്യുകയാണെന്നും ചീഫ് സെക്രട്ടറി വി. വേണു അറിയിച്ചു. "ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തുന്നുണ്ട്, ശുഭവാർത്ത കേൾക്കുമെന്ന പ്രതീക്ഷയാണുള്ളത്. കാലാവസ്ഥ അനുകൂലമായാൽ രക്ഷാപ്രവർത്തനം ഉടൻ പൂർത്തിയാക്കാൻ കഴിയും." വി. വേണു പറഞ്ഞു.
അര്‍ജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം അഞ്ചാം ദിനവും തുടരുകയാണ്. ബെംഗളൂരുവിൽ നിന്ന് തെരച്ചിലിനായി റഡാർ എത്തി. ഇടയ്ക്കിടെയുള്ള മഴയും, വെളിച്ചമില്ലായ്മയും രക്ഷാദൗത്യം ദുഷ്കരമാക്കുന്നുണ്ട്. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് നേവി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അർജുനോടൊപ്പം തമിഴ്നാട് സ്വദേശികളായ രണ്ട് ഡ്രൈവർമാരെക്കൂടി കണ്ടെത്തേണ്ടതുണ്ട്.
ലോറി മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാന്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. ചൊവ്വാഴ്ച്ച രാവിലെയാണ് ഉത്തര കര്‍ണാടകയിലെ അങ്കോളയില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായത്. കുന്നിനു താഴെയുള്ള കടയിലേക്കാണ് മണ്ണ് ഇടിഞ്ഞത്. മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരും ടാങ്കറിലുണ്ടായിരുന്ന രണ്ട് പേരും മരിച്ചുവെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.
എന്നാൽ, മണ്ണിനടിയില്‍ അര്‍ജുനടക്കം 15 പേര്‍ കുടുങ്ങിക്കിടക്കുന്നു എന്ന തരത്തിലുള്ള സൂചനകൾ ലഭിച്ചിരുന്നു. ഒരു കാറും ടാങ്കര്‍ ലോറിയും മണ്ണിനടിയിലാണ്. എട്ട് വര്‍ഷമായി ഈ റൂട്ടില്‍ സർവീസ് നടത്തുന്നയാളാണ് അര്‍ജുന്‍. ഇടയ്ക്ക് വിശ്രമിക്കാനായി വണ്ടി നിര്‍ത്തിയിട്ടിരുന്ന സ്ഥലത്താണ് ഇപ്പോള്‍ അപകടം ഉണ്ടായതായി പറയുന്നത്. അര്‍ജുൻ്റെ ലോറിയില്‍ നിന്നുള്ള ജിപിഎസ് സിഗ്‌നല്‍ ഒടുവിലായി ലഭിച്ചത് മണ്ണിടിച്ചിലുണ്ടായ സ്ഥലത്തുനിന്നാണെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു.