
യുഎഇയിൽ കൊടുംചൂട് അപ്രത്യക്ഷമാവുന്നതിൻ്റെ അടയാളമായി മാനത്ത് സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെട്ടു. രാവിലെ 5.20ഓടെയാണ് അൽ അയിനിൽ നക്ഷത്രം പ്രത്യക്ഷപ്പെട്ടത്. ഗൾഫ് മേഖലയിലെ കാലാവസ്ഥാ മാറ്റത്തിൻ്റെ പ്രധാന അടയാളമായാണ് ഈ നക്ഷത്രത്തെ കണക്കാക്കുന്നത്. നക്ഷത്രം തെളിഞ്ഞതിന് പിന്നാലെ എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയിലെ അംഗമായ തമീം അൽ-തമീമി പകർത്തിയ ഫോട്ടോ യുഎഇ സ്റ്റോം സെൻ്റർ പങ്കുവെച്ചു.
'യെമനിലെ നക്ഷത്രം' എന്നറിയപ്പെടുന്ന സുഹൈലിന് അറബ് പാരമ്പര്യത്തിൽ സുപ്രധാനമായ സ്ഥാനമുണ്ട്. 'സുഹൈല്‍ ഉയർന്നാൽ രാത്രി തണുക്കും' എന്നാണ് അറബിക് പഴമൊഴി. ഈ നക്ഷത്രം ഉദിച്ച് 40 ദിവസത്തിനുള്ളില്‍ അന്തരീക്ഷം തണുക്കുമെന്നാണ് കണക്ക്. താപനിലയിൽ പെട്ടന്ന് കുറവുണ്ടാവില്ലെങ്കിലും ക്രമേണ താപനില കുറയുന്നു. ഓഗസ്റ്റ് 24ന് സുഹൈല്‍ ഉദിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കല്‍ സൊസൈറ്റി ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ നേരത്തെ പറഞ്ഞിരുന്നു.
കാലാവസ്ഥ മാറുന്നതിൻ്റെ ആദ്യഘട്ടമായ അൽ തർഫയിൽ അന്തരീക്ഷം ചൂടുള്ളതും ഈർപ്പമുള്ളതുമാകും. പിന്നാലെ അവസാനഘട്ടമായ അൽ സെർഫയിലേക്ക് മാറുന്നതോടെ അന്തരീക്ഷം തണുപ്പിലേക്ക് നീങ്ങും. ഒക്ടോബർ പകുതിയോടെ 'വാസം' ഘട്ടത്തിലേക്കെത്തുന്നതോടെ കാലാവസ്ഥ സ്ഥിരത കൈവരിക്കും. സുഹൈൽ ഉദിച്ച് ഏകദേശം 100 ദിവസങ്ങൾക്ക് ശേഷമാണ് തണുപ്പുകാലം ആരംഭിക്കുക.
ലാംഡ വെലോറം എന്ന സുഹൈൽ നക്ഷത്രസമൂഹത്തിലെ തന്നെ ഏറ്റവും തിളക്കമുള്ള മൂന്നാമത്തെ നക്ഷത്രമാണ്. സൂര്യനിൽ നിന്ന് ഏകദേശം 545 പ്രകാശവർഷം അകലം സ്ഥിതി ചെയ്യുന്ന ഈ നക്ഷത്രത്തിന് സൂര്യനേക്കാൾ ഏഴിരട്ടി വലിപ്പമുണ്ട്.