മാമി തിരോധാനം; ഉത്തരമില്ലാത്ത ചോദ്യമാകുന്നു, എങ്ങുമെത്താതെ അന്വേഷണം

2023 ഓഗസ്റ്റ് 22 നാണ് ബാലുശ്ശേരി എരമംഗലം സ്വദേശി മുഹമ്മദ്‌ ആട്ടൂരിനെ കാണാതാകുന്നത്
മാമി തിരോധാനം; ഉത്തരമില്ലാത്ത ചോദ്യമാകുന്നു, എങ്ങുമെത്താതെ അന്വേഷണം
Published on

പി വി അൻവറിൻ്റെ ഇടപെടലോടെ സംസ്ഥാന തലത്തിൽ തന്നെ ചർച്ചയായതാണ് കോഴിക്കോട്ടെ മാമി തിരോധാന കേസ്.റിയൽ എസ്റ്റേറ്റ് വ്യവസായി മുഹമ്മദ് ആട്ടുരിനെ കാണാതായി ഒരു വർഷം കഴിഞ്ഞിട്ടും ഒരു തുമ്പും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. നിലവിലെ അന്വേഷണം ശരിയായ രീതിയിൽ അന്വേഷണം മുന്നോട്ടുപോയില്ലെങ്കിൽ മറ്റ് ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെടാനാണ് കുടുംബത്തിൻ്റെയും തീരുമാനം.

2023 ഓഗസ്റ്റ് 22 നാണ് ബാലുശ്ശേരി എരമംഗലം സ്വദേശി മുഹമ്മദ്‌ ആട്ടൂരിനെ കാണാതാകുന്നത്. എഡിജിപി എം ആർ അജിത് കുമാർ വരെയും ആരോപണ മുനയിൽ നിൽക്കുന്ന കേസാണ് മാമി തിരോധാന കേസ്. കോഴിക്കോട് നഗരത്തിൻ്റെ ഹൃദയ ഭാഗത്തുനിന്ന് ഒരു വ്യവസായിയെ കാണാതായിട്ട് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. വിവിധയിടങ്ങളിലായി പൊലീസ് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ആട്ടുരിനെ കണ്ടെത്താനായില്ല. ആദ്യ ഘട്ടത്തിൽ അന്വേഷണം നല്ല രീതിയിലായിരുന്നെങ്കിലും പിന്നീട് വലിയ പുരോഗതി ഉണ്ടായില്ലെന്ന് കുടുംബവും പറയുന്നു. തുടക്കം മുതൽ തങ്ങൾക്കുള്ള സംശയം പറഞ്ഞെങ്കിലും അതൊന്നും പൊലീസ് കേട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു.


9 മാസത്തോളം അന്വേഷിച്ചിട്ടും കേസിൽ പുരോഗതിയില്ലെന്ന് കണ്ടതോടെയാണ് മാമിയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചത്. എന്നാൽ, എ.ഡി.ജി.പി എം.ആർ അജിത്കുമാർ, മുൻ മലപ്പുറം എസ് പി എസ് ശശിധരൻ്റെ നേതൃത്വത്തിൽ പഴയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക സംഘത്തെ അന്വേഷണം ഏൽപ്പിക്കുകയായിരുന്നു. കുടുംബം ഇതിനെതിരെ രംഗത്ത് വന്നെങ്കിലും ഫലമുണ്ടായില്ല.

അന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ലാതായതോടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേകസംഘം അന്വേഷണം നടത്തുന്നതായി സർക്കാർ അറിയിച്ചതിനാൽ കോടതി കുടുംബത്തിൻ്റെ ആവശ്യം തള്ളി. കേസുമായി ബന്ധപ്പെട്ട് പൊലീസ് 500 പേരെ ചോദ്യം ചെയ്യുകയും 180 പേരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മുഹമ്മദ് ആട്ടുരിൻ്റെ ബാങ്ക് ഇടപാടുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല.


കാണാതാകുന്നതിന് മുൻപ് നടത്തിയ വിദേശയാത്രയെക്കുറിച്ച് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. 300 കോടി രൂപയുടെ ഇടപാടിൽ താൻ പങ്കാളിയാണെന്നും അതിൽ നിന്ന് 20 കോടി ലഭിക്കുമെന്നും ആട്ടൂർ കുടുംബത്തെ അറിയിച്ചിരുന്നു. സാമ്പത്തിക ഇടപാട് തന്നെയാണ് തിരോധനത്തിന് പിന്നിലെന്നാണ് പൊലീസും നൽകുന്ന സൂചന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com