
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവർ അർജുനായുള്ള തെരച്ചിൽ നാളെ മുതൽ പുനരാരംഭിക്കും. പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർത്തിവെച്ച തെരച്ചിലാണ് പുനരാരംഭിക്കാൻ തീരുമാനമായിരിക്കുന്നത്. കാർവാറിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ട്രക്കിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തുകയായിരിക്കും ആദ്യ ലക്ഷ്യം. ഇതിനായി സോണാർ പരിശോധനകളും നടത്തും. നേരത്തെ സിഗ്നൽ ലഭിച്ച നാല് പോയിന്റുകൾ കേന്ദ്രീകരിച്ചാകും പരിശോധന നടത്തുക. നാളെ നാവികസേന ഷിരൂരിലെ ഗംഗാവലി പുഴയിൽ പരിശോധന നടത്തിയ ശേഷമായിരിക്കും തെരച്ചിൽ പുനരാരംഭിക്കുന്നത്.
അര്‍ജുനെ ഒരു മാസം കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിയാതെ തെരച്ചിൽ അനിശ്ചിതമായി വൈകുന്നതിൽ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ അര്‍ജുന്‍റെ കുടുംബം രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ തെരച്ചില്‍ വീണ്ടും ആരംഭിച്ചില്ലെങ്കില്‍ അര്‍ജുന്‍റെ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്നും അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ പറഞ്ഞിരുന്നു. തുടർന്നാണ് അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കാൻ തീരുമാനമായിരിക്കുന്നത്.
ജൂലൈ 16നാണ് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അർജുനെ കാണാതായത്. പിന്നാലെ, അർജുനെ കണ്ടെത്താൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അതിന് സാധിച്ചില്ല. പിന്നീട്, പുഴയിലെ ശക്തമായ അടിയൊഴുക്ക് കാരണം രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കേണ്ടി വരികയായിരുന്നു.