
24 മണിക്കൂറിലധികമായി വൈകിയ സ്‌പൈസ് ജെറ്റ് വിമാനം നെടുമ്പാശേരിയിൽ നിന്ന് പുറപ്പെട്ടു. ഇന്ന് പുലർച്ചെ നാല് മണിക്കാണ് വിമാനം പുറപ്പെട്ടത്. യാത്രക്കാരിൽ പകുതിയും ദുബായിലേക്ക് പോയി. യന്ത്ര തകരാർ പരിഹരിച്ച ശേഷം ഷാർജയിൽ നിന്നുള്ള വിമാനം ഉച്ചയോടെ എത്തും. ഇതിൽ ബാക്കിയുള്ളവരെ കൊണ്ട് പോകുമെന്ന് അധികൃതർ അറിയിച്ചു.
ശനിയാഴ്ച രാത്രി 11ന് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം യന്ത്രതകരാറിനെ തുടർന്ന് റദ്ദാക്കിയതോടെ വലിയ പ്രതിഷേധമാണ് യാത്രക്കാർക്കിടയിൽ നിന്ന് ഉയർന്ന് വന്നത്. 24 മണിക്കൂർ കഴിഞ്ഞും വിമാനമെത്താഞ്ഞതോടെ 150ലേറെ യാത്രക്കാരായിരുന്നു വിമാനത്താവളത്തിൽ കുടുങ്ങിയത്.
ബദൽ സംവിധാനം ഏർപ്പെടുത്താത്തത് ഉൾപ്പെടെ ഉന്നയിച്ചാണ് നെടുമ്പാശേരിയിൽ യാത്രക്കാർ ബഹളമുണ്ടാക്കുകയും പ്രതിഷേധിക്കുകയും ചെയ്തത്. തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെയാണ് വിമാനം 24 മണിക്കൂറിലധികമായി വൈകിയത്.