മൊഴിയെടുപ്പ് പൂർത്തിയായി, ഒരാഴ്ചക്കക്കം റിപ്പോർട്ട് സമർപ്പിക്കും: എ. ഗീത ഐഎഎസ്

പി പി. ദിവ്യ മൊഴി നൽകാൻ സാവകാശം തേടിയെന്നും എ. ഗീത അറിയിച്ചു
മൊഴിയെടുപ്പ് പൂർത്തിയായി, ഒരാഴ്ചക്കക്കം റിപ്പോർട്ട് സമർപ്പിക്കും: എ. ഗീത ഐഎഎസ്
Published on

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തെ തുട‍ർന്നു റവന്യൂ വകുപ്പ് ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ. ഗീത ഐഎഎസിൻ്റെ നേതൃത്വത്തിൽ നടന്ന മൊഴിയെടുപ്പ് പൂർത്തിയായി. കണ്ണൂർ കളക്ടറേറ്റിലെ പത്ത് മണിക്കൂറോളം നീണ്ട മൊഴിയെടുപ്പാണ് പൂർത്തിയായത്. മൊഴിയെടുപ്പിന് ശേഷം വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചുവെന്നും, ഒരാഴ്ചക്കക്കം റിപ്പോർട്ട് സമർപ്പിക്കുമെന്നും എ. ഗീത അറിയിച്ചു. പി പി. ദിവ്യ മൊഴി നൽകാൻ സാവകാശം തേടിയെന്നും എ. ഗീത അറിയിച്ചു.

കണ്ണൂർ കലക്ടർ അരുൺ കെ വിജയൻ്റെ മൊഴിയെടുത്തു. എ ഗീത ഐഎഎസിന് മുൻപാകെ പ്രശാന്തനും മൊഴി നൽകി. വിജിലൻസും പ്രശാന്തന്റെ മൊഴിയെടുത്തു. കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ എസ്പിയാണ് മൊഴിയെടുത്തത്. ലീഗ് നേതാവ് ടിഎൻഎ ഖാദർ നൽകിയ പരാതിയിലാണ് നടപടി.


റവന്യൂ വകുപ്പിൻ്റെ ഉത്തരവ് പ്രകാരമാണ് എ. ​ഗീതയുടെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചത്. ആറ് വിഷയങ്ങളാണ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നവീൻ ബാബുവിൻ്റെ ആത്മഹത്യയിലേക്ക് നയിച്ചത് , പി.പി ദിവ്യയുടെ ആരോപണങ്ങളിലെ വസ്തുത, ഉന്നയിച്ച അഴിമതി ആരോപണത്തിന് തെളിവുണ്ടോ, .പെട്രോൾ പമ്പിന് എൻഒസി വൈകിയോ, എൻഒസി നൽകിയതിൽ വീഴ്ചയുണ്ടോ തുടങ്ങിയവയ്ക്കു പുറമേ അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് പരിഗണിക്കാവുന്ന മറ്റ് കാര്യങ്ങൾ കൂടി പരിശോധിക്കും.

ഈ മാസം 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 14ാം തീയതി കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലെത്തിയ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com