കൊടകര കുഴല്‍പ്പണ കേസ്: തിരൂർ സതീശിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

ഒരു തവണ തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസ് വീണ്ടും അന്വേഷിക്കാനാണ് തീരുമാനം
കൊടകര കുഴല്‍പ്പണ കേസ്: തിരൂർ സതീശിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
Published on

 
കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.അന്വേഷണ ഉദ്യോഗസ്ഥനായി ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് മൊഴി രേഖപ്പെടുത്തുന്നത്. സതീശിന്റെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാകും കേസിലെ തുടരന്വേഷണം സംബന്ധിച്ച കാര്യത്തിൽ തീരുമാനമാകുക.

മൊഴി പരിശോധിച്ച ശേഷം വൈകാതെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ക്രമസമാധാന ചുമതലയുളള എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല. ഒരു തവണ തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസ് വീണ്ടും അന്വേഷിക്കാനാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദ്ദേശം വന്നതിന് പിന്നാലെ മുഖ്യമന്ത്രി ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

2021 ജൂലൈ 21നാണ് കൊടകര കുഴൽപ്പണ കേസിൽ പ്രത്യേക അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പിന്നീട് ഒരാൾ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തിൽ 2022 നവംബർ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമർപ്പിച്ചു. കുറ്റപത്രം സമർപ്പിച്ച കേസുകളിൽ വീണ്ടും അന്വേഷണം നടത്താൻ കോടതിയുടെ അനുമതി വേണം. ഇതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ തൃശൂർ എസിപി വി.കെ രാജുവിനോട് കോടതിയിൽ ഹർജി ഫയൽ ചെയ്യാൻ ആഭ്യന്തരവകുപ്പ് നിർദേശിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് ഡിജിപി ഷേഖ് ദർവേഷ് സാഹിബ് കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലത്തിൻ്റെ പശ്ചാത്തലത്തിൽ പുനരന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു. പുനരന്വേഷണം സത്യസന്ധമെങ്കിൽ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്ന് തിരൂർ സതീശും പ്രതികരിച്ചു.

അതേസമയം, സതീശിൻ്റെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സതീശിന് ഭീഷണി ഉണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം മുതൽ പൊലീസ് സംരക്ഷണം ഒരുക്കിയത്. മെഡിക്കൽ കോളേജ് പൊലീസാണ് സുരക്ഷ ഒരുക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com