ഒരു കൊല്ലം തികയ്ക്കാതെ താഴേക്ക്; കഴിഞ്ഞ വർഷം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ശിവജി പ്രതിമ തകർന്നുവീണു

ഒരു വർഷം തികയും മുൻപേ പ്രതിമ തകർന്നതോടെ എൻഡിഎ സർക്കാരിനും മോദിക്കുമെതിരെ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി
ഒരു കൊല്ലം തികയ്ക്കാതെ താഴേക്ക്; കഴിഞ്ഞ വർഷം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ശിവജി പ്രതിമ തകർന്നുവീണു
Published on

മഹാരാഷ്ട്രയിലെ സിന്ധുഘട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണു. മാൽവാനിലെ രാജ്കോട്ട് കോട്ടയിലെ 35 അടിയോളം ഉയരമുള്ള പ്രതിമയാണ് തിങ്കളാഴ്ച നിലംപതിച്ചത്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി കനത്ത മഴയും കാറ്റുമുണ്ടായിരുന്നെങ്കിലും പ്രതിമയുടെ തകർച്ചയുടെ കൃത്യമായ കാരണം വ്യക്തമല്ല. ഇത് കണ്ടെത്താനായി വിദ്ഗധരെത്തുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ വർഷം ഡിസംബർ നാലിന് നാവികസേനാ ദിനത്തോടനുബന്ധിച്ചാണ് മോദി പ്രതിമ അനാച്ഛാദനം ചെയ്തത്. ഒരു വർഷം തികയും മുൻപേ പ്രതിമ തകർന്നതോടെ എൻഡിഎ സർക്കാരിനും മോദിക്കുമെതിരെ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. നൂറ്റാണ്ടുകൾക്ക് മുൻപ് ഛത്രപതി ശിവജി നിർമിച്ച കോട്ട ഇപ്പോഴും തകരാതെ നിൽക്കുമ്പോഴാണ് മാസങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി മോദി, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ ചേർന്ന് അനാച്ഛാദനം ചെയ്ത പ്രതിമ തകർന്നതെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ പരിഹാസം. പ്രതിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്നും പ്രതിപക്ഷം ആരോപിച്ചു.

തകർച്ചയ്ക്ക് പിന്നാലെ പ്രതികരണവുമായി ശിവസേന നേതാവും മുൻ എംപിയുമായ വിനായക് റാവത്ത് രംഗത്തെത്തി. മഹാരാജ്, ദയവായി ഞങ്ങളോട് ക്ഷമിക്കൂ... രാജ്യദ്രോഹികളാൽ നിങ്ങൾ അപമാനിക്കപ്പെടുന്നത് ഞങ്ങൾക്ക് സഹിക്കാൻ കഴിയില്ലെന്നായിരുന്നു നേതാവിൻ്റെ പ്രസ്താവന. പ്രതിമ കൂടുതൽ പ്രൗഢിയോടെ പ്രദേശത്ത് പുനഃസ്ഥാപിക്കണമെന്നും ഛത്രപതി ശിവജിയെ അപമാനിച്ച കാരറുകാർക്ക് തക്ക ശിക്ഷ നൽകണമെന്നും പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com