
ഓരോ നാടിനും ഒന്നോ അതിലധികമോ കഥകളുണ്ടാകും പറയാൻ , ചിലപ്പോൾ കേൾക്കുന്നവരെ ഞെട്ടിക്കുന്ന കൗതുകങ്ങളും, പേടിപ്പിക്കുന്ന നിഗൂഢതകളും ഉണ്ടാകും.അങ്ങനെ ഒരേ സമയം ആശങ്കയും കൗതുകവും ഉണർത്തുന്ന ഒരു ഗ്രാമത്തിൻ്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്. അങ്ങ് ജപ്പാനിലെ ഇച്ചിനോനോ എന്ന ഗ്രാമമാണ് ഇപ്പോൾ വാർത്തകളിലെ താരം.
എന്താണ് ഈ ഗ്രാമത്തിൻ്റെ പ്രത്യേകതയെന്ന് ചോദിച്ചാൽ കേൾക്കുന്നവരെ ആകെ കുഴപ്പിക്കുന്നതാണ് ഉത്തരം. ഒരുകാലത്ത് കൊച്ചുകുട്ടികളും യുവാക്കളും മധ്യവയസ്കരും വൃദ്ധരും ഒക്കെ ധാരാളം ഉണ്ടായിരുന്ന ഈ ഗ്രാമത്തിൽ ഇന്ന് അവശേഷിക്കുന്നത് 60 -ൽ താഴെ മാത്രം മനുഷ്യരും പിന്നെ അതിലുമേറെ പാവകളുമാണ്. ഇപ്പോൾ മനുഷ്യരേക്കാൾ കൂടുതൽ പാവകൾ അന്തേവാസികളായ ഇച്ചിനോനോ ഗ്രാമം.
ഗ്രാമത്തിൽ ഇപ്പോഴുള്ള മുഴുവൻ ആളുകളും വൃദ്ധരോ അല്ലെങ്കിൽ വാർധക്യത്തോട് അടുത്തവരോ ആണ്. അവർക്ക് കൂട്ടായി കുറേ പാവകളും ഉണ്ട്. ഗ്രാമത്തിന്‍റെ ഓരോ കോണിലും പാവകളെ സ്ഥാപിച്ചിരിക്കുന്നു. ഗ്രാമത്തിൽ മുൻപ് താമസിച്ചിരുന്നതും പിന്നീട് നാടു വിട്ടു പോയതുമായ പ്രിയപ്പെട്ടവരുടെ ഓർമ്മയ്ക്കായി ഗ്രാമവാസികൾ സ്ഥാപിച്ചിരിക്കുന്നതാണ് ഈ പാവകളെ.
Also Read; കുടിയേറ്റം - അമേരിക്കൻ തെരഞ്ഞെടുപ്പിലെ 'ദി ഗ്രേറ്റ് ക്വസ്റ്റ്യൻ'
ശൂന്യത മാറ്റാൻ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെ വന്നതോടെയാണ് ഇവർ പ്രിയപ്പെട്ടവരുടെ പാവകൾ നിർമ്മിച്ച് തെരുവുകളിലും പാർക്കുകളിലും വീട്ടുമുറ്റത്തും പൂന്തോട്ടത്തിലുമൊക്കെ സ്ഥാപിച്ചത്. ഇന്ന് ഇച്ചിനാനോ ഗ്രാമവാസികളുടെ പ്രധാനകൂട്ടുകാർ ഈ പാവകളാണ്. പാവകളുടെ കൂട്ടത്തിൽ കൊച്ചു കുട്ടികളും മുതിർന്നവരും എല്ലാമുണ്ട്.പാവകളോട് കുശലം പറഞ്ഞും അവയ്ക്കൊപ്പം സമയം ചെലവഴിച്ചുമാണ് ഇന്ന് ഇവർ ജീവിതം ആസ്വദിക്കുന്നത്.
കൂടുതൽ കൗതുകമുണർത്തുന്ന മറ്റൊരു കാര്യം കഴിഞ്ഞ 20 വർഷത്തിനിടെ ഇവിടെ ജനിച്ചത് ഒരേയൊരു കുഞ്ഞ് മാത്രമാണ് എന്നതാണ്. കൊവിഡ് കാലത്ത് ഗ്രാമത്തിലേക്ക് കുടിയേറിയെത്തിയ റൈ കാറ്റോ, തോഷികി കാറ്റോ എന്നീ ദമ്പതികൾക്ക് ജനിച്ച കുഞ്ഞാണ് ഇന്ന് ഗ്രാമവാസികളുടെ പൊന്നോമന.
ഇന്ന് ഏതാനും മനുഷ്യരും അതിലേറെ പാവകളുമായി കഴിയുന്ന ഇച്ചിനോനോ ഗ്രാമം ഒരു കാലത്ത് നിറെ ആളുകളും കുട്ടികളുമുള്ള ഒരിടമായിരുന്നു. അവിടുത്തെ കുട്ടികളെ പുറം നാടുകളിലേക്ക് പോയി പഠിക്കാൻ ഗ്രമവാസികൾ തന്നൊണ് പ്രേത്സാഹിപ്പിച്ചതും. എന്നാൽ പഠനത്തിനായി പോയവർ പതിയെ നഗരങ്ങളിലേക്ക് കുടിയേറി. അവരുടെ കുടുംബവും പിറകേ പോയി. അതോടെ യുവാക്കളും, കുട്ടികളുമെല്ലാം ഗ്രാമത്തിൽ ഇല്ലാതെയായി. ഇളം തലമുറയെ പഠിക്കാനും ഉപജീവനത്തിനും പുറം നാടുകളിലേക്ക് വിട്ടത് ശരിയായില്ലെന്ന തോന്നൽ പോലും ഇപ്പോൾ ഈ ഗ്രാമത്തിലെ മനുഷ്യർക്കുണ്ട്.
ഇച്ചിനോനോ ഗ്രാമത്തിലെ കഥ കൗതുകം ഉണർത്തുന്നതാണെങ്കിലും ജപ്പാൻ ഇപ്പോൾ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രതിസന്ധിയാണ് ജനസംഖ്യയിലെ കുറവ്. രാജ്യത്തെ ജനസംഖ്യ എടുത്താൽ അതിൽ ഏറ്റവും കൂടുതൽ ഉള്ളത് 65 വയസ്സും അതിന് മുകളിൽ പ്രായമുള്ളവരുമാണ്. 7,30,000 നവജാത ശിശുക്കൾ മാത്രമാണ് കഴിഞ്ഞ വർഷം രാജ്യത്ത് ജനിച്ചത്.