അതിസമ്പന്നർക്ക് അധിക നികുതി ഏർപ്പെടുത്തണം; ആവശ്യവുമായി കോൺഗ്രസ്; വിമുഖത കാണിച്ച് കേന്ദ്രം

ശതകോടിശ്വരന്മാർ രാജ്യത്തെ നിക്ഷേപം പിൻവലിച്ച് കുറഞ്ഞ നികുതിയുള്ള രാജ്യങ്ങളിലേക്ക് ചേക്കേറാൻ ഇത് വഴിയൊരുക്കുമെന്നായിരുന്നു കേന്ദ്ര സർക്കാരിൻ്റെ മറുപടി
അതിസമ്പന്നർക്ക് അധിക നികുതി ഏർപ്പെടുത്തണം; ആവശ്യവുമായി കോൺഗ്രസ്; വിമുഖത കാണിച്ച് കേന്ദ്രം
Published on

വരുന്ന ബജറ്റിൽ അതിസമ്പന്നർക്ക് അധിക നികുതി ഏർപ്പെടുത്തണമെന്ന നിർദേശം മുന്നോട്ടു വെച്ച് കോൺഗ്രസ്. ഈ നിർദേശം ധനമന്ത്രി നിർമല സീതാരാമൻ ഏറ്റെടുക്കുമോ എന്നത് കാത്തിരുന്നു കാണണം. അതിസമ്പന്നരുടെ നികുതിയിൽ രണ്ട് ശതമാനം വർധന വരുത്തണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം.

G-20 ഉച്ചകോടിയിൽ ആതിഥേയത്വം വഹിക്കുന്ന ബ്രസീലാണ് അതിസമ്പന്നർക്ക് അധിക നികുതിയെന്ന നിർദേശം ആദ്യം അവതരിപ്പിക്കുന്നത്. തുടർന്ന് ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ ഗബ്രിയേൽ സുക്മാനെ റിപ്പോർട്ട് തയ്യാറാക്കാൻ നിയോഗിച്ചിരുന്നു. റിപ്പോർട്ട് അനുസരിച്ചു 2% ലെവി ഉയർത്തിയാൽ 3,000 വ്യക്തികളിൽ നിന്നു പ്രതിവർഷം 25,000 കോടി ഡോളർ വരെ സമാഹരിക്കാനാകും. ഏകദേശം ഇരുപതു ലക്ഷം കോടി രൂപയ്ക്കു തുല്യമായ തുകയാണ് ഇത്.

ഇന്ത്യയിൽ 167 ശതകോടീശ്വരന്മാരുണ്ടെന്നാണ് കണക്ക്. ഇവരുടെ സ്വത്തിന്മേലുള്ള നികുതി 2 ശതമാനം ഉയർത്തിയാൽ 1.5 ലക്ഷം കോടി രൂപ സ്വരൂപിക്കാനാകും എന്നാണ് കണ്ടെത്തൽ. ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ അര ശതമാനമാണിത്. ഈ തുക ഉപയോഗിച്ച് സ്‌കൂൾ, ആശുപത്രി, അവശ്യ നിക്ഷേപങ്ങൾ തുടങ്ങി നിരവധി ആവശ്യങ്ങൾ നിറവേറ്റനാകുമെന്നും നികുതി വർധന നടപ്പാക്കണമെന്നും കേന്ദ്രത്തോട് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു. ശതകോടിശ്വരന്മാർ രാജ്യത്തെ നിക്ഷേപം പിൻവലിച്ച് കുറഞ്ഞ നികുതിയുള്ള രാജ്യങ്ങളിലേക്ക് ചേക്കേറാൻ ഇത് വഴിയൊരുക്കുമെന്നായിരുന്നു കേന്ദ്ര സർക്കാർ നൽകിയ മറുപടി. ബ്രസീലിന്റെ നിർദേശത്തിന് ഉച്ചകോടിയിൽ പങ്കെടുക്കുന്ന ദക്ഷിണാഫ്രിക്ക, ഫ്രാൻസ്, സ്പെയിൻ, കൊളംബിയ രാജ്യങ്ങൾ പിന്തുണ അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com