
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീ പൊള്ളലേറ്റെത്തിയ രോഗി നിലത്തു കിടന്ന സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട്. പൊള്ളലേറ്റ രോഗിയെ ക്യാഷ്വാലിറ്റിക്ക് മുന്നിൽ കിടത്തിയത് ആംബുലൻസ് ഡ്രൈവറാണ്. ആംബുലൻസ് ഡ്രൈവർക്കെതിരെ പൊലീസിൽ പരാതി നൽകിയതായും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആർഎംഒയാണ് പരാതി നൽകിയത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പരാതി നൽകിയതെന്നും സൂപ്രണ്ട് വിശദീകരണം നൽകി. പൊള്ളലേറ്റ വിവരവും ആശുപത്രിയെ അറിയിച്ചില്ല. മദ്യലഹരിയിൽ ആയിരുന്ന ആംബുലൻസ് ഡ്രൈവർ ഇയാളെ നടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ആംബുലൻസ് ഡ്രൈവർ മെഡിക്കൽ കോളേജ് പൊലീസിന്റെ കസ്റ്റഡിയിലാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
തീ പൊള്ളലേറ്റെത്തിയ കരകുളം സ്വദേശി ബൈജുവിനാണ് മെഡിക്കൽ കോളേജിൽ ക്രൂരത നേരിടേണ്ടി വന്നത്. ശരീരം മുഴുവൻ പൊള്ളി മിനിട്ടുകളോളം അത്യാഹിത വിഭാഗത്തിന് മുന്നിൽ നിൽക്കേണ്ടി വന്നിട്ടും ട്രോളിയോ സ്ട്രെച്ചറോ അറ്റൻഡറോ സ്ഥലത്ത് എത്തിയില്ല എന്നാണ് പരാതി.
ഇന്ന് വൈകുന്നേരത്തോട് കൂടിയാണ് പൂജപ്പുരയിൽ നടുറോഡിൽ തീ കൊളുത്തി ജീവനൊടുക്കാൻ ബൈജു ശ്രമിച്ചത്. കന്നാസിൽ പെട്രോളുമായി എത്തി തീ കൊളുത്തുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുയായിരുന്നു.