
സിബിഐ അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കല്‍ക്കട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. സാമ്പത്തിക ക്രമക്കേടുകളിലാണ് സന്ദീപ് ഘോഷിനെതിരെ സിബിഐ അന്വേഷണം നടക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷിൻ്റെ വസതിയിൽ ഇന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡും നടത്തിയിരുന്നു. ഘോഷിൻ്റെ മൂന്ന് അടുത്ത അനുയായികളുടെ വീടുകളിലും ഇഡി റെയ്ഡ് ഉണ്ടായിരുന്നു. ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷും മറ്റ് മൂന്ന് പ്രതികളും എട്ട് ദിവസത്തെ സിബിഐ കസ്റ്റഡിയിലാണ്. ഘോഷിന് പിന്നിൽ വലിയ സാമ്പത്തിക ശൃംഖലയുണ്ടെന്ന് സിബിഐ കൊൽക്കത്ത ഹൈക്കോടതിക്ക് മുൻപാകെ വെളിപ്പെടുത്തിയിരുന്നു.
ALSO READ: മമത സര്‍ക്കാരിന്റെ അപരാജിത ബില്‍ 'കോപ്പി-പേസ്റ്റ്': വിമര്‍ശിച്ച് ഗവര്‍ണര്‍ ആനന്ദബോസ്
തിങ്കളാഴ്ചയാണ് ആർജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, അദ്ദേഹത്തിൻ്റെ സെക്യൂരിറ്റി ഗാർഡ് ഉൾപ്പെടെ മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും സിബിഐ കോടതിയിൽ പറഞ്ഞു. അന്വേഷണസംഘം 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും എട്ട് ദിവസമാണ് കൊൽക്കത്ത ഹൈക്കോടതി അനുവദിച്ചത്.
അഴിമതി നിരോധന നിയമത്തിലെ ഏഴാം വകുപ്പ്, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് സന്ദീപിനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി അന്വേഷണ സംഘം ഘോഷിനെ ചോദ്യം ചെയ്ത് വരികയായിരുന്നു. മുൻ ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ അക്തർ അലിയുടെ ആരോപണത്തെ തുടർന്നാണ് ആർജി കർ മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഊർജിതമാക്കിയത്.
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ട് അക്തർ അലി ഹർജി സമർപ്പിച്ചതോടെ ഓഗസ്റ്റ് 23ന് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ അന്വേഷണം സിബിഐക്ക് കൈമാറാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഘോഷിനെതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്.
ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് മുൻ പ്രിൻസിപ്പലായിരുന്ന സന്ദീപ് ഘോഷിനെതിരെ ആരോപണങ്ങൾ ഉയർന്നത്. ആദ്യം ജൂനിയർ ഡോക്ടറുടെ മരണം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചുവെന്നായിരുന്നു സന്ദീപ് ഘോഷിനെതിരെ ഉയർന്ന ആരോപണം. എന്നാൽ ഇതിന് പിന്നാലെ സന്ദീപ് കോളേജിൽ തിരിമറി നടത്തിയതായി ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിന് മനസിലായതോടെയാണ് സന്ദീപിനെതിരായ കുരുക്ക് മുറുകിയത്.
ഓഗസ്റ്റ് ഒൻപതിനായിരുന്നു ആർ ജി കർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ 31 കാരിയായ ജൂനിയർ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഡോക്ടർ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.