ഞായറാഴ്ചത്തെ നീറ്റ് പരീക്ഷ മാറ്റില്ല; അഞ്ച് പേര്‍ക്കുവേണ്ടി രണ്ട് ലക്ഷം വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കാനാകില്ലെന്ന് സുപ്രീംകോടതി

പരീക്ഷ മറ്റൊരു ദിവസം നടത്തണമെന്ന് ആവശ്യപ്പെട്ട് അഞ്ച് വിദ്യാര്‍ഥികളാണ് ഹര്‍ജി നല്‍കിയത്
ഞായറാഴ്ചത്തെ നീറ്റ് പരീക്ഷ മാറ്റില്ല; അഞ്ച് പേര്‍ക്കുവേണ്ടി രണ്ട് ലക്ഷം വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കാനാകില്ലെന്ന് സുപ്രീംകോടതി
Published on

ഞായറാഴ്ച നിശ്ചയിച്ചിരിക്കുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെയ്ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. പരീക്ഷ മറ്റൊരു ദിവസം നടത്തണമെന്ന് ആവശ്യപ്പെട്ട് അഞ്ച് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ മനോജ് മിശ്ര, ജെ.ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. പരീക്ഷ മാറ്റിവെയ്ക്കുന്നത് രണ്ട് ലക്ഷം പരീക്ഷാര്‍ഥികളുടെ ഭാവി അപകടത്തിലാക്കുമെന്നും കോടതി നിരീക്ഷിച്ചു.


ഈ രാജ്യത്ത് ഒട്ടനവധി പ്രശ്നങ്ങളുണ്ട്, ഇപ്പോള്‍ പിജി പരീക്ഷ മാറ്റിവെക്കണമെന്നതും -ഇതായിരുന്നു ഹര്‍ജി പരിഗണനക്കെടുക്കവെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞത്. എന്നാല്‍, പരീക്ഷ ഒരിക്കല്‍ മാറ്റിവെച്ചിരുന്നുവെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ പറഞ്ഞു. ജൂണ്‍ 22ന് നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവച്ചതിനെ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ മറുപടി.


രണ്ട് ലക്ഷത്തിലധികം പരീക്ഷാര്‍ഥികളില്‍ അഞ്ചു പേര്‍ മാത്രമാണ് പരാതി നല്‍കിയിട്ടുള്ളതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അഞ്ച് ഹര്‍ജിക്കാരുടെ നിര്‍ദേശങ്ങളില്‍ രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികളുടെ കരിയര്‍ അപകടത്തിലാക്കാനാകില്ല. അക്കാര്യത്തില്‍ കൃത്യത ഉണ്ടാകട്ടെ. ഇപ്പോള്‍, പരീക്ഷ മാറ്റിവയ്ക്കുന്നില്ല. അല്ലാത്തപക്ഷം രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികളും നാല് ലക്ഷത്തോളം മാതാപിതാക്കളും വാരാന്ത്യത്തില്‍ കരയേണ്ടിവരുമെന്നും ബെഞ്ച് പറഞ്ഞു.

എത്തിപ്പെടാന്‍ പ്രയാസമുള്ള സ്ഥലങ്ങളിലാണ് ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചിരിക്കുന്നത് എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. പരീക്ഷാ നടത്തിപ്പിന്‍റെ ചുമതലയുള്ള നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ ഇന്‍ മെഡിക്കല്‍ സയന്‍സസ് (എന്‍ബിഇഎംഎസ്) പരീക്ഷ നടക്കുന്ന നഗരത്തെപ്പറ്റി ജൂലൈ 31നാണ് അറിയിച്ചത്. പരീക്ഷാ കേന്ദ്രത്തിന്‍റെ വിവരങ്ങള്‍ പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് മാത്രമാണ് ലഭിക്കുകയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com