
തലച്ചോറിന്‍റെ പ്രവർത്തനം പ്രത്യേക യന്ത്രം വഴി മറ്റുള്ളവർ നിയന്ത്രിക്കുന്നവെന്ന അധ്യാപകന്‍റെ ഹർജി തള്ളി സുപ്രീം കോടതി. 'ഹ്യൂമൻ ബ്രെയിൻ റീഡിംഗ് മെഷിനറി' വഴി തലച്ചോറിന്‍റെ പ്രവർത്തനങ്ങള്‍ നിയന്ത്രിക്കുന്നുവെന്നായിരുന്നു ഹർജിക്കാരന്‍റെ ആരോപണം. എന്നാല്‍ അധ്യാപകന്‍റെ ആവശ്യം വിചിത്രമാണെന്ന് പറഞ്ഞ സുപ്രീം കോടതി ഹർജി തള്ളി.
സെൻട്രൽ ഫോറൻസിക് സയൻ്റിഫിക് ലബോറട്ടറി (സിഎഫ്എസ്എല്‍), ഹൈദരാബാദിലെ ഹ്യൂമൻ ബ്രെയിൻ റീഡിംഗ് മെഷിനറിയിലൂടെ തന്‍റെ തലച്ചോറിന്‍റെ പ്രവർത്തനം നിയന്ത്രിക്കുന്നുവെന്നായിരുന്നു ഹർജിക്കാരന്‍റെ പരാതി. ഇത് ചൂണ്ടിക്കാട്ടി ഇയാള്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ ഹർജിയും സമർപ്പിച്ചിരുന്നു. എന്നാല്‍ ഹർജിക്കാരന്‍റെ വാദങ്ങള്‍ സിഎഫ്എസ്എല്‍ നിഷേധിച്ചു. ഹർജിക്കാരനെ ഒരു ഘട്ടത്തിലും ഫോറൻസിക് പരിശോധനയ്ക്ക് വിധേയനാക്കിയിട്ടില്ലെന്നും അതിനാൽ ആരോപിക്കപ്പെടുന്ന യന്ത്രം നിർജ്ജീവമാക്കേണ്ട കാര്യമില്ലെന്നും ചൂണ്ടിക്കാട്ടി സിഎഫ്എസ്എൽ, സിബിഐ എന്നിവർ ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. ഇതിനെ തുടർന്ന് ഹർജിക്കാരന്‍റെ ആവശ്യം ആന്ധ്രാപ്രദേശ് ഹൈക്കോടതി തള്ളി. തുടർന്നാണ് അധ്യാപകൻ സുപ്രീം കോടതിയെ സമീപിക്കുന്നത്.
2024 സെപ്തംബർ 27 ന് സുപ്രീം കോടതി ഹർജിയിൽ ആശ്ചര്യം പ്രകടിപ്പിച്ചു. എന്നിരുന്നാലും, ഹർജി ഉടൻ തള്ളിക്കളഞ്ഞില്ല. ഹർജിക്കാരൻ്റെ യഥാർഥ പരാതികൾ മനസിലാക്കാൻ മാതൃഭാഷയിൽ ആശയവിനിമയം നടത്താൻ സുപ്രീം കോടതി ലീഗൽ സർവീസ് കമ്മിറ്റിയോട് നിർദേശിച്ചു. ഹർജിക്കാരനുമായി ആശയവിനിമയം നടത്തിയ ശേഷം, ലീഗൽ സർവീസ് കമ്മറ്റി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തൻ്റെ തലച്ചോറിനെ നിയന്ത്രിക്കുന്നതായി ആരോപിക്കപ്പെടുന്ന ഉപകരണം നിർജീവമാക്കണമെന്നാണ് ഹർജിക്കാരന്‍റെ ആവശ്യമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. എന്നാൽ വിചിത്രമായ ഇത്തരമൊരു ആവശ്യത്തിൽ യാതൊരുവിധ തെളിവുമില്ലാത്ത സാഹചര്യത്തിൽ എങ്ങനെ ഇടപെടുമെന്നായിരുന്നു ജസ്റ്റിസുമാരായ സുധാൻഷു ധൂലിയയും അഹ്‌സനുദ്ദീൻ അമാനുള്ളയും അടങ്ങുന്ന ബെഞ്ചിന്‍റെ ചോദ്യം.