
ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിൻ്റെ മുൻകൂർ ജ്യാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിൽ സംസ്ഥാന സർക്കാരിൻ്റെ വാദങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം സിദ്ദീഖ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പൊലീസിന് വിവരങ്ങൾ കൈമാറിയെന്നും, നിയമവിരുദ്ധമായാണ് തന്നെ പിന്തുടരുന്നെന്നും സിദ്ദീഖ് സത്യവാങ്മൂലത്തിൽ ആരോപിച്ചു. സിദ്ദീഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമായിരുന്നു സംസ്ഥാനം സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ട്.
കേസിൽ സിദ്ദീഖിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. സിദ്ദീഖിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് ജാമ്യാപേക്ഷ തള്ളിയത്. സിദ്ദീഖിനെതിരായ ലൈംഗികാതിക്രമക്കേസില്‍ കൂടുതൽ തെളിവുകളും സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. യുവനടിയുടെ മൊഴികള്‍ ശരിവെയ്ക്കുന്ന തെളിവുകൾ കണ്ടെത്തിയതായി അന്വേഷണ സംഘം നേരത്തെ അറിയിച്ചിരുന്നു.
അച്ഛനും അമ്മയും കൂട്ടുകാരിയും ചേർന്നാണ് ഹോട്ടലിൽ എത്തിച്ചതെന്ന പരാതിക്കാരിയുടെ മൊഴിക്കും സ്ഥിരീകരണമുണ്ട്. 2016 ജനുവരി 27ന് രാത്രി 12ന് മുറിയെടുത്ത സിദ്ദീഖ് മടങ്ങിയത് പിറ്റേന്ന് വൈകിട്ട് 5നാണ്. ഹോട്ടലിൽ താമസിച്ചതിൻ്റേയും രേഖകൾ അന്വേഷണ സംഘം കണ്ടെത്തി. ഹോട്ടൽ മുറി സംബന്ധിച്ച നടിയുടെ മൊഴികൾ ശരിയാണെന്ന് ഇതോടെ തെളിഞ്ഞു. ചോറും മീൻകറിയും തൈരുമാണ് സിദ്ദീഖ് കഴിച്ചതെന്ന നടിയുടെ മൊഴി തെളിയിക്കുന്ന ഹോട്ടൽ ബില്ലും കണ്ടെത്തിയിട്ടുണ്ട്.