
ഡൽഹി മദ്യനയക്കേസിൽ എഎപി നേതാവ് മനീഷ് സിസോദിയയുടെ ജാമ്യ ഹർജി സുപ്രീം കോടതി ഈ മാസം 15 നു പരിഗണിക്കും. സിസോദിയയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിൽ നിന്ന് സുപ്രീം കോടതി ജഡ്ജി സഞ്ജയ് കുമാർ പിന്മാറിയതിനെത്തുടർന്നാണ് ഹർജികൾ പരിഗണിക്കുന്നത് ജൂലൈ 15 ലേക്ക് മാറ്റിയത്. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും സിബിഐയും ചുമത്തിയ രണ്ട് കേസുകളിലെ ജാമ്യാപേക്ഷ പുനഃപരിശോധിക്കണമെന്നതായിരുന്നു സിസോദിയയുടെ ആവശ്യം.
മദ്യനയ കേസിൽ തനിക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി കേസുകൾ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു സിസോദിയയുടെ ജാമ്യാപേക്ഷ. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കരോൾ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിക്കാനിരുന്നത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ ഹർജി കേൾക്കാൻ കഴിയില്ലെന്ന് സഞ്ജയ് കുമാർ പറഞ്ഞതോടെ ഹർജി മാറ്റിവയ്ക്കുകയാണ് ഉണ്ടായത്.
പതിനാറ് മാസമായി സിസോദിയ ജയിലിൽ കിടക്കുകയാണെന്നും വിചാരണ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് സിസോദിയയുടെ അഭിഭാഷകനാണ് അടിയന്തര ലിസ്റ്റിംഗിനുള്ള അപേക്ഷ സമർപ്പിച്ചത്. ഇതേത്തുടർന്നാണ് വിഷയം ഇന്ന് മൂന്നംഗ ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്തത്.