
ബലാത്സംഗ കേസിൽ നടൻ സിദ്ദീഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല ത്രിവേദി, സതീശ് ചന്ദ്ര ശർമ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഉച്ചയ്ക്ക് ശേഷമാകും ഹർജി പരിഗണിക്കുക. ശരിയായ അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ പ്രതിയാക്കിയതെന്നാണ് സിദ്ദീഖിൻ്റെ വാദം.
സിദ്ദീഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ 62ാമത്തെ കേസായാണ് സുപ്രീം കോടതി ലിസ്റ്റ് ചെയ്തിട്ടുള്ളത്. എട്ടു വര്‍ഷത്തിന് ശേഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ഭയം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസനീയം, 2019 ൽ സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ ബലാത്സംഗം എന്ന് പറഞ്ഞിരുന്നില്ല, ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നത് അടക്കമുള്ള വാദങ്ങളാണ് സിദ്ദീഖ് ഉയര്‍ത്തുന്നത്.
സിദ്ദീഖിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരും പരാതിക്കാരിയും തടസ ഹര്‍ജി നൽകിയിട്ടുണ്ട്. ആയതിനാൽ കോടതി നിലപാട് അനുകൂലമാകും എന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ. സിദ്ദീഖിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകൾ റോഹ്ത്തഗി ഹാജരാകുമ്പോൾ മുന്‍ സോളിസ്റ്റര്‍ ജനറല്‍ രഞ്ജിത് കുമാറാണ് സര്‍ക്കാരിന് വേണ്ടി ഹാജരാവുക. സുപ്രീം കോടതിയുടെ തീരുമാനമനുസരിച്ച് നടപടിയെടുക്കാൻ ഒരുങ്ങുകയാണ് അന്വേഷണസംഘം. സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയാൽ പൊലീസിൽ കീഴടങ്ങണോ എന്ന കാര്യവും സിദ്ദീഖിൻ്റെ അഭിഭാഷകരുടെ ആലോചനയിലുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.