
യു എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ട്രെംപിൻ്റെ വിജയസാധ്യതയ്ക്ക് മങ്ങലേൽപ്പിച്ച് ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിൻ്റെ സ്ഥാനാർഥിത്വം. പുതുതായി പുറത്ത് വന്ന സർവേ ഫലങ്ങളാണ് ഇത് വ്യക്തമാക്കിയത്. ജോ ബൈഡനു പകരം കമല എത്തിയതോടെ ഇരുവരും തമ്മിലുള്ള വോട്ട് നിലയിലെ അന്തരം കുറഞ്ഞതായാണ് സർവേ ഫലങ്ങൾ. കമലാഹാരിസിൻ്റെ പിന്തുണയിൽ കാര്യമായ വർധനവുണ്ടായതായും സർവേ സൂചിപ്പിക്കുന്നു.
ഏറ്റവും പുതിയ വാൾസ്ട്രീറ്റ് ജേണൽ സർവെ കാണിക്കുന്നത് കമല ഹാരിസും ട്രംപും തമ്മിൽ 2 ശതമാനത്തോളം വോട്ടിൻ്റെ വ്യത്യാസമേ ഉളളൂ എന്നാണ്. ബൈഡൻ സ്ഥാനാർഥി സ്ഥാനം ഒഴിയുന്നതിന് ഇത് 6 ശതമാനത്തിനും മേലെയായിരുന്നു. ന്യൂയോർക്ക് ടൈംസും സിയെന്ന കോളേജും സംയുക്തമായി നടത്തിയ സർവെയിലും വളരെ ചെറിയ വ്യത്യാസം മാത്രമാണ് കാണിക്കുന്നത്.
രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ ട്രംപ് നിലവിൽ കമല ഹാരിസിനെ അപേക്ഷിച്ച് 48% മുതൽ 46% വരെ ലീഡിലാണെന്നാണ് സർവെകൾ സൂചിപ്പിക്കുന്നത്. നേരത്തെ, രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ ബൈഡനെക്കാൾ ഒമ്പത് ശതമാനം മുമ്പിലായിരുന്നു ട്രംപ്.
ഒരു മാസം മുമ്പ് നടന്ന ന്യൂയോർക്ക് ടൈംസ് സർവേയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കറുത്ത വർഗക്കാരിൽ 59 ശതമാനം വോട്ട് മാത്രമേ പ്രസിഡൻ്റിന് ലഭിച്ചിരുന്നുള്ളൂ. എന്നാൽ കമല ഹാരിസിന് ഈ വോട്ടുകളുടെ 69% ലഭിക്കുമെന്നാണ് പ്രതീക്ഷ.
ബൈഡൻ പിന്മാറിയതിന് ശേഷം ഇന്നാണ് കമല ഹാരിസിനെ ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.