
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്ത്രിലെ നിവേദ്യ ഉരുളി മോഷ്ടിച്ച സംഭവത്തിൽ കസ്റ്റഡിയില്‍ എടുത്ത ഒരാള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതുവരെ കിട്ടിയ തെളിവുകൾ അനുസരിച്ചാണ് ബി.എന്‍.എസ് 314 ചുമത്തി കേസെടുത്തത്.
ക്ഷേത്രത്തിലെ മുതൽ ആണെന്ന് അറിഞ്ഞിട്ടും, സ്വന്തം മുതൽ അല്ല എന്ന് അറിഞ്ഞിട്ടും, സ്വന്തം ആവശ്യത്തിന് വസ്തു എടുത്തതിനാണ് കേസ്. ഇവരുടെ പാസ്പോർട്ട് പിടിച്ചെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടും. തെളിവുകൾ കിട്ടുന്നെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും.
പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി മോഷ്ടിച്ചത് ഐശ്വര്യത്തിന് വേണ്ടിയെന്ന് പിടിയിലായ പ്രതികൾ പറഞ്ഞിരുന്നു. ദർശനത്തിനായാണ് ക്ഷേത്രത്തിലെത്തിയതെന്നും നിവേദ്യപാത്രം കണ്ടപ്പോൾ പൂജിക്കാനായി മോഷ്ടിക്കുകയായിരുന്നു എന്നുമാണ് പ്രതികളുടെ മൊഴി. പുരാവസ്തു ഇനത്തിൽപ്പെട്ട പാത്രമാണ് മോഷണം പോയത്.
മോഷണവുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകളുൾപ്പെടെ നാല് ഹരിയാന സ്വദേശികളെയാണ് പൊലീസ് പിടികൂടിയത്. ഇന്ത്യയിൽ ജനിച്ച് ഓസ്ട്രേലിയയിൽ സ്ഥിര താമസമാക്കിയയാളും പിടിയിലായവരിൽ ഉണ്ട്. ദർശനത്തിനെത്തിയതാണെന്നും നിവേദ്യ പാത്രം കണ്ടപ്പോൾ എടുക്കുകയായിരുന്നുവെന്നുമുള്ള പ്രതികളുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതീവസുരക്ഷാ മേഖലയിലാണ് മോഷ്ണം നടന്നത്. ഇത് സുരക്ഷ വീഴ്ച സംബന്ധിച്ച ആശങ്കകളും ഉയർത്തുന്നുണ്ട്.
ഒക്ടോബർ 13നാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. മോഷണം നടന്നതറിഞ്ഞ സുരക്ഷാ ജീവനക്കാർ 18 ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ഫോർട്ട് പൊലീസിൻ്റെ വിശദമായ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കേരള പൊലീസിൻ്റെ ആവശ്യപ്രകാരം ഹരിയാന പൊലീസ് പ്രതികളെ പിടികൂടി കൈമാറുകയായിരുന്നു. ഇവർക്ക് മറ്റേതെങ്കിലും മോഷണ സംഘവുമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.