
കാലാവസ്ഥ വ്യതിയാനവും ഇതര പ്രശ്നങ്ങളും മൂലം പ്രതിസന്ധിയിലായ തൃശൂർ ജില്ലയിലെ കോൾ കർഷകർക്ക് തിരിച്ചടിയായി ഉപ്പുവെള്ള ഭീഷണിയും. സംസ്ഥാനത്തിൻ്റെ നെല്ലറകളിലൊന്നായ കോൾ പടവുകളിൽ നിന്നും ഉപഭോഗത്തിന്റെ 40 ശതമാനത്തിലേറെ അരിയാണ് കേരളം സംഭരിക്കുന്നത്. എന്നാൽ പ്രതിസന്ധികളോട് പൊരുതി കാലകാലങ്ങളായി വിത്ത് വിതച്ച കർഷകർ മുമ്പ് എങ്ങുമില്ലാത്ത വിധത്തിലുള്ള തിരിച്ചടികളാണ് ഇന്ന് നേരിടുന്നത്. കൃഷി വകുപ്പിൻ്റെ അനാസ്ഥക്കും കാലാവസ്ഥ വ്യതിയാനത്തിനും വിളനാശത്തിനും പുറമെ കഴിഞ്ഞ ആറ് വർഷത്തിലേറെയായി നേരിടുന്ന വലിയ ഭീഷണിയാണ് ഉപ്പുവെള്ളം.
കടലും കടന്ന് കനോലി കനാൽ വഴി ജില്ലയിലെ കോൾ പാടങ്ങളിലേക്ക് എത്തുന്ന ഉപ്പുവെള്ളത്തെ തടഞ്ഞ് നിർത്തിയിരുന്നത് മുല്ലശ്ശേരി ഇടിയഞ്ചിറ റെഗുലേറ്ററും, വെങ്കിടങ്ങ് ഏനമാക്കൽ റെഗുലേറ്ററുമാണ്. എന്നാൽ കാലാകാലങ്ങളായി ഇവയ്ക്കുണ്ടായ തകരാറുകൾ ശാശ്വതമായി പരിഹരിക്കാതിരുന്നതാണ് ജില്ലയിലെ കൃഷിക്കും കർഷകർക്കും ഇപ്പോൾ പ്രതിസന്ധിയുണ്ടാക്കുന്നത്. ജില്ലയിലെ ഭൂരിഭാഗം കർഷകരും വർഷങ്ങളായി നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളോ സർക്കാരോ തയ്യാറാകുന്നില്ലെന്നാണ് കർഷകരുടെ പരാതി.
നെല്ലിനൊപ്പം തന്നെ താമരയും പച്ചക്കറിയും മത്സ്യവും ഈ കോൾ പാടങ്ങളിൽ നിന്നും നൂറോളം കർഷകരാണ് വിളവെടുത്തിരുന്നത്. എന്നാൽ ഉപ്പുവെള്ള ഭീഷണിയുണ്ടായ നാൾ മുതൽ നിരവധിയാളുകളാണ് ഇത്തരം കൃഷി ഉപേക്ഷിച്ച് ഇവിടെ നിന്നും മടങ്ങിയത്. പതിനായിരക്കണക്കിന് കർഷകരെ ബാധിക്കുന്ന വിഷയങ്ങൾ ചൂണ്ടിക്കാട്ടി വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ഒട്ടേറെ സമരങ്ങളും പ്രതിഷേധങ്ങളും നടന്നു. എന്നാൽ പരാതികളോട് മുഖം തിരിക്കുന്ന അധികാരികളുടെ സമീപനം മാത്രമാണ് ഒരിക്കലും തീരാത്ത തങ്ങളുടെ പ്രതിസന്ധികളുടെ കാരണമെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്.