പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലും; ഉത്തരവിറക്കി ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ

കൂട് വച്ചോ മയക്കുവെടി വച്ചോ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ വെടിവച്ചു കൊല്ലാനാണ് ഉത്തരവിൽ പറയുന്നുണ്ട്
പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലും; ഉത്തരവിറക്കി ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ
Published on

വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാൻ ഉത്തരവ് ഇറങ്ങി. കൂട് വച്ചോ മയക്കുവെടി വച്ചോ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ വെടിവച്ചു കൊല്ലാനാണ് ഉത്തരവിൽ പറയുന്നത്. ചീഫ് വൈൽഡ്ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ ഐഎഫ്എസാണ് ഉത്തരവിറക്കിയത്. ദേശീയ കടുവാസംരക്ഷണ അതോറിറ്റിയുടെ SOP കർശനമായി പാലിച്ചാകണം നടപടികളെന്നും ഉത്തരവിൽ പറയുന്നു. 

കടുവ അക്രമണത്തിൽ പ്രതിഷേധിച്ച് മാനന്തവാടിയിൽ കോൺഗ്രസും എസ്ഡിപിഐയും നാളെ പ്രാദേശിക ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎൻഎസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അതേസമയം, വയനാട് പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയെ കണ്ടെന്ന് നാട്ടുകാർ അറിയിച്ചു. രാധയുടെ മൃതദേഹം കിട്ടിയ സ്ഥലത്ത് തന്നെയാണ് വീണ്ടും കടുവയെ കണ്ടതെന്നും നാട്ടുകാർ പറഞ്ഞു. കാടിനുള്ളിൽ നിന്ന് ശബ്ദം കേട്ടുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. കടുവയെ പിടികൂടാൻ വനംവകുപ്പ് പ്രദേശത്ത് കൂടും സ്ഥാപിച്ചിട്ടുണ്ട്. 100ലധികം വരുന്ന വനം വകുപ്പ് ആർആർടിയുടെ തെരച്ചിൽ പ്രദേശത്ത് പുരോഗമിക്കുകയാണ്.

കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. മൃത​ദേഹം നാളെ സംസ്കരിക്കും. രാധയുടെ കുടുംബത്തിന് ആദ്യ ഗഡു നഷ്ടപരിഹാരം മന്ത്രി ഒ. ആർ. കേളു വീട്ടിലെത്തി വിതരണം ചെയ്തു.

പത്തുവർഷത്തെ കണക്കെടുത്താൽ വയനാട്ടിൽ കടുവ ആക്രമിച്ച് കൊലപ്പെടുത്തുന്ന എട്ടാമത്തെയാളാണ് മാനന്തവാടി പഞ്ചാരക്കൊല്ലി സ്വദേശിനി രാധ. പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിനു സമീപത്ത് വെച്ചാണ് കടുവയുടെ ആക്രമണമുണ്ടായത്. തോട്ടത്തിൽ കാപ്പി പറിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. തലയറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com