
ഗ്രീസിലെ ഒരു അണക്കെട്ട് വറ്റിയപ്പോൾ ഉയർന്നു വന്നത് 40 വർഷം മുമ്പ് വെള്ളത്തിനടിയിലായ ഒരു ഗ്രാമം. കേൾക്കുമ്പോൾ അതിശയം തോന്നും. എന്നാൽ മദ്ധ്യ ഗ്രീസിലെ മോർണോസ് തടാകത്തിലാണ് ഈ കാഴ്ച്ച. ഉയർന്ന താപനിലയും മഴയുടെ അഭാവവും മൂലം തടാകം വറ്റിക്കൊണ്ടിരിക്കുമ്പോൾ പ്രത്യക്ഷപ്പെടുന്നത് കല്ലിയോ ഗ്രാമത്തിൻ്റെ അവശിഷ്ടമാണ്.
തടാക നിർമ്മാണത്തിനായി 40 വർഷങ്ങൾക്കു മുമ്പ് ഗ്രാമത്തിലുള്ളവരെ ഒഴിപ്പിച്ചിരുന്നു. 80 വീടുകളും പള്ളിയും സ്ക്കൂളും ചേർന്നതായിരുന്നു കല്ലിയോ ഗ്രാമം. ഗ്രീക്ക് ജനസംഖ്യയുടെ പകുതിയോളം പേരും വെള്ളത്തിനായി ആശ്രയിക്കുന്നത് ഈ തടാകത്തെയാണ്.
ALSO READ: ആ ഐതിഹാസിക ഇരുമ്പഴി തകരുന്നു; ദ്രവിച്ചുകൊണ്ടിരിക്കുന്ന ടൈറ്റാനിക്കിൻ്റെ പുതിയ ചിത്രങ്ങൾ പുറത്ത്
മറ്റുള്ളവർക്ക് ഇതൊരു അത്ഭുതമായി തോന്നാമെങ്കിലും ഗ്രീസിലുള്ളവർക്ക് ഇതൊരു ഭീതിയുണർത്തുന്ന സാഹചര്യമാണ്. കടുത്ത ജലപ്രതിസന്ധിയാണ് ഗ്രീക്ക് നേരിടാൻ പോകുന്നത്. തടാകത്തിൻ്റെ ജലനിരപ്പ് അനുദിനം താഴുകയാണ്. 33 വർഷത്തിനിടെ ഇത്രയും താഴ്ന്ന ജലനിരപ്പ് കണ്ടിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു .
തടാകത്തിൻ്റെ ഉപരിതല വിസ്തീർണ്ണം 2022 ഓഗസ്റ്റിൽ 16.8 ചതുരശ്ര കിലോമീറ്റർ ആയിരുന്നെങ്കിൽ ഇപ്പോൾ 12.0 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. പാരിസ്ഥിതിക ആഘാതവും പ്രകടമാണ്. മരങ്ങൾ മഞ്ഞനിറമായിക്കൊണ്ടിരിക്കുന്നു. കിണറുകൾ വറ്റിവരളുന്നു. സമീപ ഗ്രാമങ്ങളിൽ കടുത്ത ജലക്ഷാമമാണ്. ചുറ്റുമുള്ള കാടുകൾ വരണ്ടുണങ്ങുമ്പോൾ കാട്ടുതീ സാധ്യതയും വർദ്ധിക്കും. ഇവിടെ ഉയർന്നുവരുന്ന പഴയ ഗ്രാമം ഗൃഹാതുരതയല്ല ജനങ്ങൾക്ക് ഉണ്ടാക്കുന്നത്, പേടിസ്വപ്നങ്ങളുടെ രാത്രികളും വെള്ളത്തിനായി അലയുന്ന പകലുകളുമാണ്.