
തിരുവനന്തപുരം ടെക്നോസിറ്റിയിൽ ഭീതി പരത്തിയ കാട്ടുപോത്തിനെ വനത്തിലേയ്ക്ക് തുറന്നുവിട്ടു. പേപ്പാറ കാട്ടിലേയ്ക്ക് അയച്ച പോത്തിൻ്റെ ആരോഗ്യനില തൃപ്‌തികരമെന്ന് വനംവകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ പോത്തിന് നിരീക്ഷണം ഏർപ്പെടുത്താനും വനംവകുപ്പ് തീരുമാനിച്ചു.
കഴിഞ്ഞ ദിവസമാണ് ടെക്നോസിറ്റിക്ക് സമീപം പരിഭ്രാന്തി പരത്തിയ കാട്ടുപോത്തിനെ അധികൃതർ മയക്കുവെടിവെച്ച് പിടിച്ചത്. പാലോട്, കുളത്തുപ്പുഴ, അഞ്ചൽ ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരാണ് കാട്ടുപോത്തിനെ സ്ഥലത്ത് നിന്ന് മാറ്റിയത്. വനംവകുപ്പിൻ്റെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കാട്ടുപോത്തിനെ നീക്കിയത്. പാലോട് ഫോറസ്റ്റ് ക്യാമ്പിൽ എത്തിച്ച് ചികിത്സ നൽകിയതിന് ശേഷമാണ് ഇപ്പോൾ ഉൾവനത്തിലേക്ക് പോത്തിനെ തുറന്നുവിടുന്നത്.
കഴിഞ്ഞ ദിവസമാണ് ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങിയത്. രാത്രി ഹോസ്റ്റലിൽ താമസിക്കുന്ന ടെക്നോസിറ്റിയിലെ ജീവനക്കാരും നാട്ടുകാരുമാണ് പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടത്. പാലോട് വനമേഖലയിൽ നിന്നാണ് എത്തിയതെന്നാണ് സംശയം.