പേരാമ്പ്രയിലെ ആസിഡ് ആക്രമണം: പ്രതിക്ക് വൈരാഗ്യമുണ്ടായിരുന്നു; പരാതി നൽകിയിട്ടും പൊലീസ് ഇടപ്പെട്ടില്ലെന്ന് യുവതിയുടെ അമ്മ

പേരാമ്പ്രയിലെ ആസിഡ് ആക്രമണം: പ്രതിക്ക് വൈരാഗ്യമുണ്ടായിരുന്നു; പരാതി നൽകിയിട്ടും പൊലീസ് ഇടപ്പെട്ടില്ലെന്ന് യുവതിയുടെ അമ്മ

പ്രതിയായ പ്രശാന്തിനെ ഉപദേശിക്കുക മാത്രമാണ് പൊലീസ് ചെയ്തത്
Published on


കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിൽ കൂട്ടാലിട സ്വദേശി പ്രവിഷയ്ക്കെതിരായ ആസിഡ് ആക്രമണത്തിൽ പ്രതികരിച്ച് യുവതിയുടെ അമ്മ. മുൻ ഭർത്താവ് പ്രതി പ്രശാന്ത് ലഹരിക്ക് അടിമ. പ്രവിഷയോടും മക്കളോടും പ്രതിക്ക് വൈരാഗ്യമുണ്ടായിരുന്നു. ഏഴ് വർഷം മുമ്പ് മൂത്ത മകനെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. അയൽവാസി തട്ടി മാറ്റിയതിനാലാണ് അപകടം ഒഴിവായത്. രണ്ട് ദിവസം മുമ്പും പ്രവിഷയെ ആക്രമിക്കാൻ ബൈക്കിൽ പിന്തുടർന്ന് എത്തിയിരുന്നെന്നും അമ്മ.

ബാലുശ്ശേരി പൊലീസിനെതിരെയും യുവതിയുടെ അമ്മ ആരോപണം ഉന്നയിച്ചു. എട്ടുതവണ പരാതി നൽകിയിട്ടും കാര്യമായ നടപടി ഉണ്ടായില്ല. പ്രതിയായ പ്രശാന്തിനെ ഉപദേശിക്കുക മാത്രമാണ് പൊലീസ് ചെയ്തത്. പൊലീസ് കാര്യക്ഷമമായി ഇടപെട്ടുവെങ്കിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടാകില്ലായിരുന്നു.

മകനെ പെട്രോൾ ഒഴിച്ചതിൽ അധ്യാപകൻ പരാതി നൽകിയപ്പോൾ സ്കൂളിലെ മറ്റു കുട്ടികളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. പ്രവിഷയുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല വീഡിയോ നിർമിച്ച് ബന്ധുക്കൾക്കും നാട്ടുകാർക്കും അയച്ചു കൊടുത്തുവെന്നും യുവതിയുടെ അമ്മ പറഞ്ഞു.

കഴിഞ്ഞ​ദിവസമാണ് യുവതിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. പ്രവിഷയുടെ മുൻ ഭർത്താവ് കാരിപ്പറമ്പിൽ പ്രശാന്ത് ആണ് ആക്രമണം നടത്തിയത്. ചെറുവണ്ണൂർ ഗവ. ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ ഉള്ള യുവതിയെ വിളിച്ചു പുറത്തിറക്കിയ ശേഷം ഫ്ലാസ്കിൽ കൊണ്ടുവന്ന ആസിഡ് ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. പ്രതിയെ മേപ്പയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തു. ദേഹമാസകലം പൊള്ളലേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

News Malayalam 24x7
newsmalayalam.com