
പ്രപഞ്ച രഹസ്യങ്ങളെ തേടിയുള്ള യാത്രയില്‍ നിർണ്ണായക വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ബ്ലാക്ക് ഹോളുകള്‍ എന്നറിയപ്പെടുന്ന തമോ ഗർത്തങ്ങളില്‍, ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയൊരു പ്രതിഭാസമാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഭൂമിയില്‍ നിന്ന് 8000 പ്രകാശ വർഷം അകലെയുള്ള ഈ തമോഗർത്തത്തിന് V404 സിഗ്നി എന്നാണ് എന്നാണ് ശാസ്ത്രജ്ഞർ പേരിട്ടിരിക്കുന്നത്.
ഒരു പ്രകാശ വർഷം എന്നാൽ 95 ലക്ഷം കിലോമീറ്റർ എന്നാണ്. അങ്ങനെ ഭൂമിയില്‍ നിന്ന് എണ്ണായിരം പ്രകാശവർഷം അകലെ അഥവാ എഴുപത്തിയയ്യായിരം ലക്ഷം കോടി കിലോമീറ്റർ അകലെയാണ് പുതിയ പ്രതിഭാസം കണ്ടെത്തിയിട്ടുള്ളത്. സിഗ്നസ് എന്ന നക്ഷത്രസമൂഹത്തിന്‍റെ ഭാഗമായ തമോഗർത്തത്തിന് സൂര്യൻ്റെ 9 മടങ്ങ് വലിപ്പമുണ്ട്. ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍വെച്ച് ഏറ്റവും പഴക്കം ചെന്ന തമോഗർത്തങ്ങളിലൊന്നാണിത്. അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും മസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും ഗവേഷകരുടെ ടെലസ്കോപിക് നിരീക്ഷണം നടത്തുന്ന സമയത്ത് അബന്ധത്തിലാണ് തമോഗർത്തം വന്നുപെട്ടത് എന്നതും ശ്രദ്ധേയമാണ്.
പ്രകാശത്തിനുപോലും പുറത്തുകടക്കാനാകാത്ത അത്രയും ശക്തമായ ഗുരുത്വാകർഷണമുള്ള അതിനിഗൂഢ പ്രതിഭാസങ്ങളാണ് ബ്ലാക്ക് ഹോളുകള്‍. പേരു പറയുന്നതുപോലെ, ഇതൊരും ഇരുണ്ട ഗർത്തമാണ്. ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയുമെല്ലാം വിഴുങ്ങുന്ന ഈ തമോഗർത്തങ്ങള്‍ ഭീമാകാരമായ നക്ഷത്രങ്ങളുടെ പൊട്ടിത്തെറിയിലൂടെയാണ് രൂപപ്പെടുന്നത്. സൂര്യനേക്കാള്‍ പത്ത് മടങ്ങുവരെ വലിപ്പമുള്ള നക്ഷത്രങ്ങളുടെ മരണത്തെ സൂചിപ്പിക്കുന്ന സൂപ്പർനോവ എന്ന പ്രതിഭാസമാണ് ഇതിന് പിന്നിലുള്ളത്. എന്നാല്‍ ഈ ബ്ലാക് ഹോൾ ട്രിപ്പിളിന്‍റെ കഥ മറ്റൊന്നാണ്.
സൂപ്പർനോവ പരാജയപ്പെട്ട് ഉണ്ടാകുന്ന ഡയറക്ട് കൊളാപ്സ് എന്ന പ്രതിഭാസത്തിലൂടെയാണ് ഈ തമോഗർത്തം രൂപപ്പെട്ടിരിക്കുക എന്ന് ശാസ്ത്രജ്ഞർ കരുതുന്നു. സൂപ്പർനോവയിലെപ്പോലെ ഒരു പൊട്ടിത്തെറിയുണ്ടാകുന്നതിന് പകരം, ഗുരുത്വാകർഷണ തകർച്ചമൂലം ഒരു നക്ഷത്രം ഉള്‍വലിഞ്ഞ് തമോഗർത്തമായി മാറുന്നതാണ് ഈ പ്രതിഭാസം. പ്രപഞ്ചത്തിന്‍റെ രൂപീകരണത്തില്‍ ഇത്തരം ഉൾവലിയലുകൾ അഥവാ ചുഴിയിൽ പെടുന്ന അവസ്ഥ വഹിച്ച പങ്കാണ് ഈ കണ്ടുപിടുത്തപ്പെട്ടത്തിന്‍റെ പ്രാധാന്യം വർധിപ്പിക്കുന്നത്.
ഇതുവരെ കണ്ടെത്തിയിട്ടുള്ള തമോഗർത്തങ്ങളില്‍ നിന്ന് ഇപ്പോഴത്തെ കണ്ടെത്തലിനെ വ്യത്യസ്തമാക്കുന്ന പ്രത്യേകത ഇതൊരു ട്രിപ്പിള്‍ സിസ്റ്റം ആണെന്നുള്ളതാണ്. അതായത് ഇതൊരു ത്രിമാന തമോഗർത്തമാണ്. സാധാരണ ബ്ലാക്ക് ഹോളുകള്‍ ബെെനറി സിസ്റ്റങ്ങൾ അഥവാ ഇരട്ടകളാണ്. അതായത് ഒരു ബ്ലാക്ക് ഹോളിന് സമീപം അതിന്‍റെ ഭ്രമണപഥത്തില്‍ മറ്റൊരു നക്ഷത്രമോ മറ്റൊരു ബ്ലാക്ക് ഹോളോ ഉണ്ടാകും. എന്നാല്‍ ബ്ലാക് ഹോൾ ട്രിപ്പിളിന് കൂട്ടായി രണ്ട് നക്ഷത്രങ്ങളുണ്ട്.
6.5 ഭൗമ ദിവസങ്ങള്‍ക്കൊണ്ട് തമോഗർത്തത്തെ ഭ്രമണം ചെയ്യുന്ന ഒരു ചെറുനക്ഷത്രവും, 70,000 ഭൗമവർഷമെടുത്ത് ഭ്രമണം പൂർത്തിയാക്കുന്ന ഒരു വിദൂരനക്ഷത്രവുമാണ് ഉണ്ടാവുക. എന്നാലധികം വെെകാതെ, അടുത്തുള്ള നക്ഷത്രത്തെ ഈ ബ്ലാക്ക് ഹോള്‍ വിഴുങ്ങുമെന്നും ഇതോടെ രണ്ട് അംഗങ്ങള്‍ മാത്രമുള്ള ബെെനറി സിസ്റ്റമായി മാറുമെന്നുമാണ് പഠനം പറയുന്നത്. ഇപ്പോള്‍ ബെെനറി സിസ്റ്റങ്ങളായ മറ്റ് ബ്ലാക്ക് ഹോളുകള്‍ നേരത്തെ, ട്രിപ്പിള്‍ സിസ്റ്റങ്ങളായിരുന്നിരിക്കാനുള്ള സാധ്യതയാണ് ഈ കണ്ടുപിടുത്തം മുന്നോട്ടുവയ്ക്കുന്നത്.