
നെയ്യാറ്റിൻകര ഗോപൻ്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വിചിത്രവാദവുമായി യുവാവ്. ചെമ്പരത്തിവിള സ്വദേശി അനീഷാണ് കഴിഞ്ഞ ദിവസം പരാക്രമം കാണിച്ചത്. ഞായറാഴ്ച രാത്രി 12.30ഓടെ ആണ് ഈ സംഭവം. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. അനീഷ് ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് റിപ്പോർട്ട്. ഇയാളുടെ മാനസിക നില തകരാറിലാണെന്നാണ് സൂചന.
ആക്രമണത്തിനിടയിൽ ഇയാൾ മൂന്ന് യുവാക്കളെ മർദിക്കുകയും ബൈക്കുകൾ അടിച്ചുതകർക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. നെയ്യാറ്റിൻകര പൊലീസ് യുവാവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ അനീഷിനെ തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
നെയ്യാറ്റിന്‍കര ഗോപൻ്റെ മരണം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ജനുവരി 16നാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്റെ മൃതദേഹം പുറത്തെടുത്തത്. കോൺക്രീറ്റ് മണ്ഡപത്തിനുള്ളിൽ ഇരിക്കുന്ന നിലയിലായിരുന്നു ഗോപൻ്റെ മൃതദേഹം. മൃതദേഹത്തിൻ്റെ നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം അഴുകി തുടങ്ങിയിരുന്നു.
പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്റെ മരണം വലിയ ചർച്ചയായത്. പുറത്തെടുത്ത ഗോപന്റെ മൃതശരീരം പിന്നീട് പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചിരുന്നു. പൊളിച്ച സമാധി തറയ്ക്ക് പകരം പുതിയ സമാധിത്തറ കുടുംബം ഒരുക്കി.
ഗോപൻ്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്വാഭാവിക മരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതേസമയം, ഗോപൻ്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ഇനിയും പുറത്തുവന്നിട്ടില്ല. അത് കൂടി ലഭിച്ചാൽ മാത്രമെ ഈ സംഭവത്തിലെ ദുരൂഹത പൂർണമായി മാറുകയുള്ളൂ.