തിരുവനന്തപുരത്ത് ക്ഷേത്രത്തിലെ മോഷണം; നടന്നത് എഡിജിപി അജിത് കുമാറിന്റെ കുടുംബ ക്ഷേത്രത്തില്‍

വിഗ്രഹത്തിലെ മൂന്ന് പവൻ്റെ മാല അടക്കമാണ് മോഷണം പോയത്
തിരുവനന്തപുരത്ത് ക്ഷേത്രത്തിലെ മോഷണം; നടന്നത് എഡിജിപി അജിത് കുമാറിന്റെ കുടുംബ ക്ഷേത്രത്തില്‍
Published on: 
Updated on: 

തിരുവനന്തപുരത്ത് പൂജാരി അറസ്റ്റിലായത് എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ കുടുംബക്ഷേത്രത്തിലെ മോഷണത്തില്‍. തിരുവനന്തപുരം മണക്കാട് മാരിയമ്മന്‍ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. വിഗ്രഹത്തിലെ മൂന്ന് പവൻ്റെ മാല അടക്കമാണ് മോഷണം പോയത്. സംഭവത്തില്‍ ബാലരാമപുരം സ്വദേശിയായ പൂജാരി അരുണ്‍ ആണ് പിടിയിലായത്. 


മൂന്ന് പവന്റെ മാല, 5 ഗ്രാമിൻ്റെ ഒരു ജോഡി കമ്മല്‍, മൂന്ന് ഗ്രാമിൻ്റെ ചന്ദ്രക്കല എന്നിവയാണ് മോഷണം പോയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വിഗ്രഹത്തില്‍ കിടന്ന മാലയുടെ കൊളുത്തുകള്‍ പൊട്ടിക്കിടക്കുന്നത് കണ്ടപ്പോള്‍ കമ്മിറ്റിക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. സെപ്റ്റംബറിലാണ് മോഷണം നടന്നതെന്നാണ് സൂചന. 


ഇതേ പൂജാരിയെ മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്ത സംഭവം വിവാദമായിരുന്നു. പൂന്തുറ ദേവീ ക്ഷേത്രത്തിലെ വിഗ്രഹ മോഷണത്തിലാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. 

കസ്റ്റഡിയിലെടുത്തത് വിവാദമായതിനു പിന്നാലെ അരുണിനെ പൊലീസ് വിട്ടയച്ചു. അന്ന് പൊലീസ് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി അരുണ്‍ പോറ്റിയും കോവില്‍ ട്രസ്റ്റ് ഭാരവാഹികളും ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു.

News Malayalam 24x7
newsmalayalam.com