അയോധ്യയിലെ രാംമന്ദിറിൽ മോഷണം: 50 ലക്ഷം രൂപയുടെ ലൈറ്റുകൾ മോഷണം പോയതായി പരാതി
അയോധ്യയിലെ രാംമന്ദിറിൽ നിന്ന് 50 ലക്ഷം രൂപ വിലമതിക്കുന്ന 3800 പുതിയ ബാംബൂ ലൈറ്റുകളും 36 ഗോബോ പ്രൊജക്റ്റർ ലൈറ്റുകളും മോഷ്ടിക്കപ്പെട്ടതായി പരാതി. കേസുമായി ബന്ധപ്പെട്ട് അയോധ്യ രാം ജന്മഭൂമി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ലൈറ്റുകൾ സ്ഥാപിക്കുവാൻ ചുമതല നൽകിയിരുന്ന യാഷ് എൻ്റർപ്രൈസസ് ആൻഡ് കൃഷ്ണ കമ്പനി ഉദ്യോഗസ്ഥൻ ശേഖർ ശർമ്മ രണ്ട് ദിവസം മുമ്പ് ഇ-മെയിലിൽ അയച്ച റിപ്പോർട്ടിലൂടെയാണ് മോഷണ വിവരം പുറത്തറിയുന്നത്.
നേരെമറിച്ച്, കേസുമായി ബന്ധപ്പെട്ട പരാതിയിൽ ഉന്നയിച്ച അവകാശവാദങ്ങളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ലൈറ്റുകൾ മോഷ്ടിച്ചതായി റിപ്പോർട്ട് ലഭിച്ച വിൽപ്പനക്കാരനെതിരേ അയോധ്യ പോലീസ് ബുധനാഴ്ച രാത്രി കൗണ്ടർ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അയോധ്യ ഡെവലപ്‌മെൻ്റ് അതോറിറ്റി വൈസ് ചെയർമാൻ അശ്വിനി കുമാർ പാണ്ഡെ പുറത്തിറക്കിയ പ്രസ്താവന പ്രകാരം,അലങ്കാര വിളക്കുകൾ മോഷ്ടിച്ചുവെന്ന വിൽപ്പനക്കാരൻ്റെ അവകാശവാദത്തിൽ പറഞ്ഞിരിക്കുന്നതു പോലെ മരങ്ങളിൽ സ്ഥാപിച്ചത് 3800 ബാംബൂ വിളക്കുകളല്ലെന്നും 2600 ബാംബൂ വിളക്കുകൾ മാത്രമാണെന്നും പറയുന്നു.
എല്ലാ മാസവും പതിവായി നടത്താറുള്ള പരിശോധനയ്ക്കിടെയാണ് ലൈറ്റുകൾ കാണാതായതായി ശ്രദ്ധയിൽ പെട്ടതെന്ന് ശേഖർ ശർമ്മയുടെ പരാതിയിൽ പറയുന്നതായി പൊലീസ് അറിയിച്ചു.
അതേസമയം, മോഷണം നടന്നതായി മെയിൽ തന്നെ വ്യക്തമായിട്ടും ആഗസ്റ്റിൽ മാത്രമാണ് എഫ്ഐആർ ഫയൽ ചെയ്തതെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കേസ് നൽകുവാൻ ഇത്രയും കാലതാമസമെടുത്തതിലെ കാരണം പരാതിക്കാരൻ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല പരാതിക്കാരൻ ഇ എഫ്ഐആർ ഫയൽ ചെയ്യുകയാണുണ്ടായതെന്നും നേരിട്ടെത്തി പരാതി നൽകുകയല്ല ചെയ്തതെന്നും പൊലീസ് അറിയിച്ചു.
ലൈറ്റുകൾ മോഷണം പോയതിലെ കൃത്യത ഉറപ്പാക്കുവാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.