
'സത്യസന്ധരായ' പല കള്ളൻമാരെയും നമ്മൾ കണ്ടിട്ടുണ്ടെങ്കിലും, രാജ്യസ്നേഹിയായ ഒരു കള്ളനെ കാണുന്നത് ആദ്യമായാവും. രാജസ്ഥാനിലെ നപസർ ടൗണിൽ നമ്പർ പ്ലേറ്റില്ലാത്ത ഒരു സ്കോർപിയോ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പൊലീസ് കുഴങ്ങി. എന്നാൽ കള്ളൻ്റെ സത്യസന്ധതയും രാജ്യസ്നേഹവും കാരണം പൊലീസുകാർക്ക് അത്ര കഷ്ടപ്പെടേണ്ടി വന്നില്ല.
മൂന്ന് കുറിപ്പുകളാണ് സ്കോർപ്പിയോയിൽ എഴുതി ഒട്ടിച്ചിരുന്നത്. "ഈ കാർ ഡൽഹിയിലെ പാലമിൽ നിന്ന് മോഷ്ടിച്ചതാണ്, ക്ഷമിക്കണം" ഉടമയെ കണ്ടെത്താൻ പൊലീസിന് ബുദ്ധിമുട്ടാവേണ്ടെന്ന് കരുതിയാവാണം, കാറിൻ്റെ യഥാർഥ നമ്പറും കള്ളൻ എഴുതി ഒട്ടിച്ചിരുന്നു. എന്നാൽ തൊട്ടപ്പുറത്തുണ്ടായിരുന്ന കുറിപ്പാണ് കൗതുകകരം.
ഹൃദയത്തിനുള്ളിൽ അമ്പും വരച്ച് കള്ളനെഴുതി, "ഞാൻ രാജ്യത്തെ സ്നേഹിക്കുന്നു". ഇനി പൊലീസിന് മുൻപായി ആരെങ്കിലും കാർ കണ്ടെത്തുകയാണെങ്കിൽ സഹായകമാകാൻ, "ഈ കാർ ഡൽഹിയിൽ നിന്ന് മോഷ്ടിച്ചതാണ്. ഉടൻ പൊലീസിനെ വിളിച്ച് വിവരമറിയിക്കുക," എന്നും മോഷ്ടാവ് കുറിച്ചു.
ജയ്പൂർ ബിക്കാനീർ ഹൈവേയിലെ ഒരു ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനം ആദ്യം കണ്ടത് ഒരു പ്രദേശവാസിയാണ്. പിന്നാലെ ഇയാൾ പൊലീസിൽ വിവരമറിയിച്ചു. കാറിൻ്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് പൊലീസ് കാർ ഉടമയെ കണ്ടെത്തിയിട്ടുണ്ട്.
ഇയാൾ ഒക്‌ടോബർ 10ന് കാർ മോഷ്ടിക്കപ്പെട്ടതായി ഒരു എഫ്ഐആർ ഫയൽ ചെയ്തിരുന്നു. ഡൽഹിയിൽ നിന്ന് 450 കിലോമീറ്റർ അകലെയാണ് ബിക്കാനീർ സ്ഥിതിചെയ്യുന്നത്. അതേസമയം, വാഹനം കുറ്റകൃത്യത്തിന് ഉപയോഗിക്കുകയും ഉപേക്ഷിക്കുകയും ചെയ്തതാകാമെന്നാണ് പൊലീസ് കരുതുന്നത്.