മോട്ടോർ വാഹന വകുപ്പിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല; കൂടുതൽ തസ്തികകൾ സൃഷ്ടിക്കണമെന്ന ആവശ്യം ശക്തം

ആളില്ലാത്തതിനാൽ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന വെഹിക്കിൾ ട്രാക്കിങ് മാനേജ്മെൻ്റ് സിസ്റ്റവും അവതാളത്തിലായി.
മോട്ടോർ വാഹന വകുപ്പിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല; കൂടുതൽ തസ്തികകൾ  സൃഷ്ടിക്കണമെന്ന ആവശ്യം ശക്തം
Published on

മോട്ടോർ വാഹനങ്ങളുടെ ബാഹുല്യം കൊണ്ട് വീർപ്പ് മുട്ടുന്ന സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ മുതൽ ഓഫീസ് അസിസ്റ്റൻ്റ് വരെയുള്ള തസ്തികകൾ കൂടുതലായി സൃഷ്ടിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നിട്ടും ഉദ്യോഗസ്ഥരുടെ കുറവ് നികത്താൻ ട്രാൻസ്പോർട്ട് കമ്മീഷണർ നൽകിയ ശുപാർശയ്ക്ക് മുകളിൽ അടയിരിക്കുകയാണ് സർക്കാർ. ആളില്ലാത്തതിനാൽ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന വെഹിക്കിൾ ട്രാക്കിങ് മാനേജ്മെൻ്റ് സിസ്റ്റവും അവതാളത്തിലായി.


മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കുന്നതിനും സേഫ് കേരള എൻഫോഴ്സ്മെന്റ് സ്ക്വാഡിൻ്റെ പ്രവർത്തനം 24 മണിക്കൂർ ആക്കുന്നതിനും വേണ്ടിയാണ്, ഗതാഗത കമ്മീഷണർ വിശദമായ ശുപാർശ സർക്കാരിന് സമർപ്പിച്ചത്. 13 സബ് ആർടിഒകളിലേക്കും 14 ജില്ല എൻഫോഴ്സ്മെൻ്റ് ആർടിഒകളിലേക്കും പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്നായിരുന്നു ശുപാർശ. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ, ആർടിഒ, ജോയിൻ്റ് ആർടിഒ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തുടങ്ങി ഓഫീസ് അസിസ്റ്റൻ്റ് വരെയുള്ള തസ്തികകൾ കൂടുതൽ സൃഷ്ടിക്കണമെന്നായിരുന്നു ആവശ്യം.

ശുപാർശയിൽ പഠനം നടത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും നടപടിയായില്ല. ഉദ്യോഗസ്ഥ ഭരണപരിഷ്കാര കമ്മീഷനായിരുന്നു ഇതിൻ്റെ ചുമതല. ഇക്കാര്യം മന്ത്രി കെ. ബി. ഗണേഷ് കുമാർ തന്നെ നിയമസഭയെ അറിയിച്ചു. പഠനം നടക്കുന്നതല്ലാതെ റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചില്ല. എഎംവി തസ്തികയിൽ നിലവിൽ ഉള്ള 23 ഒഴിവുകളും നികത്തിയിട്ടില്ല.



എ.കെ ശശീന്ദ്രൻ ഗതാഗത മന്ത്രിയായിരുന്നപ്പോഴാണ് സുരക്ഷാമിത്ര എന്ന പേരിൽ വെഹിക്കിൾ ട്രാക്കിങ് മാനേജ്മെൻ്റ് സിസ്റ്റത്തിൻ്റെ കേന്ദ്രീകൃത കൺട്രോൾ റൂം സ്ഥാപിച്ചത്. വാഹനങ്ങളിലെ ജി പി എസ് ട്രാക്കിങ്ങിലൂടെ അമിതവേഗം ഉൾപ്പെടെയുള്ള ഗതാഗത നിയമലംഘനങ്ങൾ തടയുകയായിരുന്നു ലക്ഷ്യം. ഉദ്യോഗസ്ഥരുടെ കുറവുമൂലം ഈ പദ്ധതിയും അവതാളത്തിലായി. ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിലെ സിസ്റ്റത്തിൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലും, പരിശോധനയ്ക്ക് ഓടിയെത്താൻ സ്കാഡുകൾ ഇല്ലെന്നതും വെല്ലുവിളിയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com