
ട്രയിനി ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്ക്കറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് എയിംസ് മുന്‍ ഡയറക്ടര്‍ ഡോ. എം.സി മിശ്ര. പൂജയുടെ അംഗപരിമിതി അവകാശവാദങ്ങളില്‍ സംശയം ഉയര്‍ന്നതിനാലായിരിക്കാം അവരെ എയിംസിലേക്ക് പരിശോധനയ്ക്ക് അയച്ചതെന്ന് ഡോ. മിശ്ര പറഞ്ഞു. ഇടത് കാല്‍മുട്ടിനുണ്ടായിരുന്ന പഴയയൊരു എസിഎല്‍ (ആന്‍റീരിയര്‍ ക്രൂസിയേറ്റ് ലിഗമെന്‍റ്) കീറല്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരിക്കാം അവര്‍ക്ക് മറ്റൊരു ആശുപത്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും ഡോ മിശ്ര പറഞ്ഞു. വ്യാജരേഖ ചമച്ചെന്ന പരാതിയില്‍ പൂജക്കെതിരെ ഏകാംഗ സമിതി അന്വേഷണം നടത്തുന്നതിനിടെയാണ് വെളിപ്പെടുത്തല്‍.
"ആര്‍ക്കെങ്കിലും പൂജയുടെ അംഗപരിമിതിയില്‍ (അവകാശവാദത്തില്‍) സംശയം തോന്നിയതു കൊണ്ടായിരിക്കാം ആവരെ എയിംസില്‍ പരിശോധനയ്ക്ക് അയച്ചത്. ഔന്ദ് ആശുപത്രി ആപ്ലിക്കേഷന്‍ നിരസിച്ചതിനെ തുടര്‍ന്ന് പൂജ പിപ്രിയിലെ ആശുപത്രിയില്‍ നിന്നും അംഗപരിമിതി സര്‍ട്ടിഫിക്കറ്റ് നേടുകയായിരുന്നു. ഇടത് കാല്‍മുട്ടിനുണ്ടായിരുന്ന പഴയയൊരു എസിഎല്‍ (ആന്‍റീരിയര്‍ ക്രൂസിയേറ്റ് ലിഗമെന്‍റ്) കീറല്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരിക്കാം സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്"- ഡോ മിശ്ര എന്‍ഡിടിവിയോട് പറഞ്ഞു.
മാനസിക-കാഴ്ച പരിമിതികളുണ്ടെന്നു കാട്ടി യുപിഎസ്‌സി പരീക്ഷയില്‍ ആനുകൂല്യങ്ങള്‍ നേടിയെന്നതാണ് പൂജ നേരിടുന്ന പ്രധാന ആരോപണം. പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന ആളാണെന്ന പൂജയുടെ വാദവും വ്യാജമാണെന്ന് സംശയങ്ങള്‍ ഉയരുന്നുണ്ട്. ലോക്കോമോട്ടര്‍ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പരിമിതികളുണ്ടെന്ന് യുപിഎസ്‌സി അപേക്ഷയില്‍ പറഞ്ഞ പൂജയെ പരിശോധനകള്‍ക്കായി എയിംസിലേക്ക് അയയ്ക്കുകയായിരുന്നു. പല കാരണങ്ങള്‍ നിരത്തി പൂജ എയിംസിലെ പരിശോധനകളില്‍ നിന്നും ഒഴിവായി. ആറാമത്തെ പരിശോധനയില്‍ നിന്നും ഒഴിവായ പൂജ, പൂനെയിലെ ഔന്ദ് ആശുപത്രിയെ അംഗപരിമിതിക്കുള്ള സര്‍ട്ടിഫിക്കറ്റിനു സമീപിച്ചെങ്കിലും അവരും നിരസിച്ചു. 2022 ഓഗസ്റ്റ് 23ന് പൂജ നല്‍കിയ ആപ്ലിക്കേഷനില്‍ അംഗപരിമിതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സാധിക്കില്ലെന്ന് പൂനെ ഔന്ദ് ആശുപത്രി മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. തുടര്‍ന്നാണ് അവര്‍ പിപ്രിയിലെ ആശുപത്രിയെ സമീപിച്ചത്.
വ്യാജ രേഖ ചമച്ചുവെന്ന പരാതിയില്‍ പൂജക്കെതിരെ ഏകാംഗ സമിതി അന്വേഷണം നടത്തുകയാണ്. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ പൂജയെ സ്ഥാനത്തു നിന്നും പുറത്താക്കിയേക്കും. അതേസമയം, ഇന്ത്യന്‍ ഭരണഘടന പ്രകാരം കുറ്റക്കാരിയാണെന്ന് തെളിയുന്നത് വരെ താന്‍ നിരപരാധിയാണെന്നാണ് പൂജയുടെ വാദം. കുറ്റക്കാരിയാണെന്ന മാധ്യമ വിചാരണ അംഗീകരിക്കാന്‍ കഴിയില്ലെന്നും പൂജ പ്രതികരിച്ചു.