
എൻഡിഎയിൽ ഘടകകക്ഷികൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും മുന്നണി വിടണമെന്നും ബിഡിജെഎസ് കോട്ടയം നേതൃത്വം. ബിഡിജെഎസ് കോട്ടയം നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയത്.
തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് ഫലം നിരാശയാണ് സമ്മാനിച്ചതെന്നും, ബിജെപി ചേർത്ത് നിർത്തിയില്ലെന്നും പ്രമേയത്തിൽ വിമർശനമുണ്ട്. മുന്നണിയിൽ പാർട്ടിക്ക് അർഹമായ പരിഗണന കിട്ടിയില്ല. ഇങ്ങനെ മുന്നോട്ട് പോവാൻ കഴിയില്ല. അടുത്ത സംസ്ഥാന കമ്മിറ്റിയിൽ ഉചിതമായ തീരുമാനം എടുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
നേരത്തെ ബിഡിജെഎസിനെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ രംഗത്ത് വന്നിരുന്നു. ബിഡിജെഎസിനെ ഒരു ഉപകരണമാക്കി ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണെന്നാണ് എം.വി.ഗോവിന്ദൻ വിമർശിച്ചത്. ശ്രീനാരായണ ഗുരു സ്ഥാപിച്ച എസ്എൻഡിപിയുടെ നേതാക്കൾ സിപിഎം വിമർശനനമാണ് നടത്തുന്നത്. ബിഡിജെഎസ് വഴി ബിജെപി അജണ്ട നടപ്പാക്കുന്നതിൽ വിമർശനം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.