പുതുതലമുറ അസ്വസ്ഥർ, കുട്ടികളിലെ അക്രമവാസന അവസാനിപ്പിക്കാൻ പ്രത്യേക ഇടപെടൽ ഉണ്ടാകും: മുഖ്യമന്ത്രി

എൻട്രൻസിൽ മത്സരം, തൊഴിൽ കിട്ടാൻ മത്സരം, തൊഴിൽ നിലനിർത്താൻ മത്സരം, സഹോദരനോട് മത്സരം, ഇങ്ങനെ എല്ലായിടത്തും കടുത്ത മത്സരമാണ്. ഒപ്പമുള്ളവൻ ശത്രുവാണെന്ന ചിന്തയിലേക്ക് കുട്ടികൾ മാറുകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു
പുതുതലമുറ അസ്വസ്ഥർ, കുട്ടികളിലെ അക്രമവാസന അവസാനിപ്പിക്കാൻ പ്രത്യേക ഇടപെടൽ ഉണ്ടാകും: മുഖ്യമന്ത്രി
Published on

കുട്ടികളിലെ അക്രമവാസന അവസാനിപ്പിക്കാൻ പ്രത്യേക ഇടപെടൽ ഉണ്ടാകുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. 'എടാ മോനേ' എന്ന റൗഡികളുടെ വിളികേട്ട്, കുട്ടികൾ ഗ്യാങ്ങിനൊപ്പം പോയ സംഭവമുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. അറിവുള്ളവർ എന്നതിനൊപ്പം കനിവുള്ളവർ കൂടിയാകണം പുതുതലമുറയെന്ന സന്ദേശവും മുഖ്യമന്ത്രി നൽകി. 

പുതുതലമുറ അസ്വസ്ഥരാണെന്നും ഒപ്പമുള്ളവൻ ശത്രുവാണെന്ന ചിന്തയിലേക്ക് കുട്ടികൾ മാറുകയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. എൻട്രൻസിൽ മത്സരം, തൊഴിൽ കിട്ടാൻ മത്സരം, തൊഴിൽ നിലനിർത്താൻ മത്സരം, സഹോദരനോട് മത്സരം, ഇങ്ങനെ എല്ലായിടത്തും കടുത്ത മത്സരമാണ്. അജ്ഞാതനായ ശത്രുവിനോട് പോരാടാനുള്ള ഒരു അവസരവും കളയരുതെന്ന മനോഭാവം കുട്ടികളിൽ വളരുന്നു. സകലതും പഠിപ്പിലേക്ക് കേന്ദ്രീകരിക്കുന്നു. കളിച്ചു വളരേണ്ട പ്രായത്തിൽ കുട്ടിക്ക് അതിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

"വീട്ടിലെ മുറിയൊരു പെട്ടി, സ്കൂൾ ബസ് ഒരു പെട്ടി, ക്ലാസ് റൂം ഒരു പെട്ടി, കുട്ടികളെ സംബന്ധിച്ച് ഓരോ സ്ഥലങ്ങളും ഓരോ പെട്ടികളായി മാറുകയാണ്. കുട്ടിയുടെ ബാല്യം നഷ്ടപ്പെടുന്നു. മനസ്സുതന്നെ പ്രത്യേക അവസ്ഥയിലാണ്. ഓരോരുത്തരും അവരുടേതായ സ്വകാര്യ ലോകങ്ങളിലാണ്. കുട്ടികൾക്ക് അപ്പോൾ ഒരു വല്ലാത്ത അനാഥാവസ്ഥ വരുന്നു. ഡിജിറ്റൽ അഡിക്ഷനിൽ നിന്ന് മാറ്റാൻ ശ്രമിക്കുമ്പോൾ രക്ഷിതാക്കളും കുട്ടിയുടെ ശത്രുക്കളായി മാറുന്നു. രക്ഷിതാക്കൾ എന്ത് ചെയ്യണം എന്നതിലും വലിയ ബോധവത്ക്കരണം ആവശ്യമാണ്," മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.


സിനിമകളും സീരിയലുകളും വലിയ രീതിയിൽ ദുസ്വാധീനം ഉണ്ടാക്കുന്നെന്നും പിണറായി വിജയൻ പറഞ്ഞു. വയലൻസ് ആഘോഷിക്കപ്പെടുന്ന നിലയുണ്ട്. എല്ലാവരെയും തല്ലിയൊതുക്കുന്നത് മഹത്വമാണെന്ന് മാനസികാവസ്ഥ ഉണ്ടാകുന്നു. എടാ മോനേ എന്നാണ് റൗഡികൾ കുട്ടികളെ വിളിക്കുന്നത്. അത് കേട്ട് കുട്ടികൾ ഗ്യാങ്ങിനൊപ്പം പോയെന്നുള്ള പൊലീസ് റിപ്പോർട്ടുകളുമുണ്ട്. സന്തോഷം എവിടെയൊക്കെയുണ്ടോ അതൊക്കെ സ്വന്തമാക്കണമെന്ന ചിന്തയാണ് കുട്ടികൾക്ക്. പഠനം ഭൗതിക നേട്ടത്തിന് മാത്രമുള്ളതായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തെക്കുറിച്ച് വിശദീകരിച്ച ശേഷം പിണറായി വിജയൻ തൻ്റെ ബാല്യകാലം ഓർത്തെടുത്തു. ഇല്ലായ്മയുടെ ഭാഗമായി വളർന്നുവരുന്ന ശീലമാണ് പണ്ട് ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പറയുന്നു. "ഞാൻ പഠിക്കുന്ന കാലത്ത് ഒന്നോ രണ്ടോ ഷർട്ടാണ് ഉണ്ടായിരുന്നത്. വേറെ ഷർട്ട് വേണമെന്ന് തോന്നുകയില്ലായിരുന്നു. നൈപുണ്യമുള്ള തൊഴിലാളികളെ കുറിച്ച് ഞാനടക്കം പറയുന്നു. എന്നാൽ നൈപുണ്യമുള്ള മനുഷ്യനെ കൂടി സൃഷ്ടിക്കാൻ കഴിയണം," മുഖ്യമന്ത്രി പറഞ്ഞു.  നമ്മുടെ സമൂഹം തിന്മയും തെമ്മാടികളും മാത്രമുള്ളതല്ല നന്മയും നല്ലവരും കൂടി ഉള്ളതാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. സമൂഹത്തിന്റെ എല്ലാ ധാരകളെയും ചേർത്തുകൊണ്ട് ഒരു ക്യാമ്പയിൻ നടത്തണമെന്നും അത് ഉടൻ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com