
ബ്രിട്ടനിലെ അതിസമ്പന്നരായ ഹിന്ദുജ കുടുംബാംഗങ്ങളെ ജയിലിലടച്ചിട്ടില്ലെന്നും, അവർക്കെതിരായ മനുഷ്യക്കടത്ത് കുറ്റം തള്ളിക്കളഞ്ഞതായും ഹിന്ദുജാ കുടുംബത്തിൻ്റെ വക്താവ് അറിയിച്ചു. ജോലിക്കാരോട് മോശമായി പെരുമാറിയതിന് ഹിന്ദുജ കുടുംബത്തിലെ നാല് സ്വിസ് പൗരന്മാരായ പ്രകാശ് ഹിന്ദുജ,ഭാര്യ കമൽ ഹിന്ദുജ, അജയ് ഹിന്ദുജ,നമ്രത എന്നിവർക്കെതിരെ തടവ് ശിക്ഷ വിധിച്ചിരുന്നു.
എന്നാൽ ആ വിധി നിലനിൽക്കില്ലെന്നാണ് പുറത്തു വരുന്ന വിവരം. സ്വിസ് നിയമ നടപടിക്രമങ്ങൾ അനുസരിച്ച് മേൽക്കോടതി അന്തിമ വിധി പുറപ്പെടുവിക്കുന്നത് വരെ കീഴ്ക്കോടതി വിധി നടപ്പിലാക്കുവാനാകില്ലെന്നും ആയതിനാൽ പരമോന്നത നീതിപീഠത്തിൻ്റെ വിധി വരും വരെ അവർ നിരപരാധികളായി തുടരുമെന്നും ഹിന്ദുജ ഗ്രൂപ്പ് വക്താവ് പറഞ്ഞു.
ഇന്ത്യയിൽ നിന്ന് ജനീവയിലുള്ള വില്ലയിലേക്ക് ജോലിക്കായി എത്തിയവർക്കു നേരെയാണ് മോശം പെരുമാറ്റം ഉണ്ടായതെന്നും ജീവനക്കാരുടെ പാസ്പോർട്ടടക്കം പിടിച്ചു വെച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
തൊഴിലാളികളെ നിയമവിരുദ്ധമായ ജോലി ചെയ്യാൻ പ്രേരിപ്പിച്ച സംഭവത്തിലാണ് ഹിന്ദുജ കുടുംബത്തിന് കോടതി ശിക്ഷ വിധിച്ചത്. വിധി വന്നതോടെ കുടുംബം ഉന്നത നീതിന്യായ വിഭാഗത്തെ സമീപിച്ചിരുന്നു.
ഹിന്ദുജ കുടുംബത്തിനെതിരെയുള്ള ഗുരുതര ആരോപണമായ മനുഷ്യക്കടത്ത് കോടതി കഴിഞ്ഞ ദിവസം തള്ളി കളഞ്ഞിരുന്നു. നിലവിൽ ഇവർക്കെതിരെ പരാതി ഒന്നും നിലനിൽക്കുന്നില്ല. തങ്ങളെ തെറ്റിദ്ധരിപ്പിച്ച് പരാതിയിൽ ഒപ്പിടീക്കുകയായിരുന്നു എന്നും പരാതിക്കാർ കോടതിക്ക് മുമ്പിൽ വെളിപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികളോട് കുടുംബാംഗങ്ങൾ ബഹുമാനത്തോടെയാണ് പെരുമാറിയതെന്നും, സ്വിസ് ജുഡീഷ്യറിയിൽ പൂർണ വിശ്വാസമുണ്ടെന്നും, സത്യം വിജയിക്കുമെന്നും കുടുംബത്തിന്റെ വക്താവ് അറിയിച്ചു.