
മൂന്നാം എന്‍ഡിഎ സർക്കാരിന്‍റെ ആദ്യ ബജറ്റ് ജൂലായ് 23 ന് ധനമന്ത്രി നിർമല സീതാരാമൻ ലോക് സഭയിൽ അവതരിപ്പിക്കും. ജൂലായ് 22 ന് ആരംഭിക്കുന്ന പാർലമെൻ്റ് സമ്മേളനം ആഗസ്റ്റ് 12 വരെ നീണ്ടുനിൽക്കുമെന്ന് പാർലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു . ഈ വർഷം നിർമല സീതാരാമന്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബജറ്റാണിത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഈ വര്‍ഷം ആദ്യം ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു.
അതേസമയം 18-ാം ലോക് സഭയുടെ ആദ്യ സമ്മേളനത്തിൽ അരങ്ങേറിയ പ്രതിപക്ഷ പ്രതിഷേധം ബജറ്റ് സെഷനിലും തുടരുമെന്നാണ് സൂചന. നീറ്റ് വിഷയം, കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗം , ഹത്രസ് ദുരന്തം എന്നിങ്ങനെ നിരവധി വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം പ്രതിഷേധിക്കാനാണ് സാധ്യത. രാഷ്ട്രപതിയുടെ അഭിസംബോധനയുടെ മേലുള്ള നന്ദിപ്രമേയ ചർച്ച ഭരണ- പ്രതിപക്ഷ വാക്പോരിന് വേദിയായി മാറിയിരുന്നു.
ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി പറഞ്ഞത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ ഹിന്ദുവിൻ്റെ പേരിൽ അക്രമമെന്ന പരാമർശം ഹിന്ദു വിരുദ്ധ പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷത്ത് നിന്നും വലിയ പ്രതിഷേധമുയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഭരണപക്ഷ- പ്രതിപക്ഷ ഏറ്റുമുട്ടൽ ബജറ്റ് സെഷനിൽ കൂടുതൽ തീവ്രമാകാനാണ് സാധ്യത.