
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് കൈമാറിയ കേസില്‍ പ്രതി പിടിയില്‍. തിരുവല്ല സ്വദേശി മുഹമ്മദ് ഷമീര്‍ ആണ് പൊലീസിന്റെ പിടിയിലായത്. 10 വയസ്സുകാരനായ സ്വന്തം മകനെ മറയാക്കിയാണ് ഇയാള്‍ ലഹരി വില്‍പന നടത്തിയിരുന്നത്.
മകന്റെ ശരീരത്തില്‍ സെല്ലോടേപ്പ് ഉപയോഗിച്ച് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ലഹരിമരുന്ന് ആളുകള്‍ക്ക് എത്തിക്കുന്നതായിരുന്നു പ്രതിയുടെ രീതി. കഴിഞ്ഞ ആറുമാസകാലമായി ഡാന്‍സാഫ് സംഘത്തിന്റെയും തിരുവല്ല പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്നു പ്രതി. തുടര്‍ന്ന് പ്രതിയുടെ പിതാവിന്റെ വീട്ടില്‍ നിന്നുമാണ് പിടികൂടിയത്.
തിരുവല്ലയിലും പരിസരപ്രദേശങ്ങളിലും സ്‌കൂള്‍ കോളേജ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കടക്കം എംഡിഎംഎ എത്തിച്ചു നല്‍കിയിരുന്നത് മുഹമ്മദ് ഷമീര്‍ ആണെന്ന് പൊലീസ് പറയുന്നു. കര്‍ണാടക അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് മയക്കുമരുന്ന് എത്തിച്ചതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം മൂന്നാറിലേക്ക് ടൂര്‍ പോയ യുവാക്കളെ ലഹരിമരുന്നുമായി എക്‌സൈസ് പിടികൂടി. തൃശൂര്‍ സ്വദേശികലായ വിഷ്ണുദേവ്, അമല്‍ കെജെ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 17 ഗ്രാം ഹാഷിഷ് ഓയിലും 15 ഗ്രാം കഞ്ചാവുമാണ് ലഭിച്ചത്. കോതമംഗലത്ത് വെച്ചാണ് പ്രതികള്‍ എക്‌സൈസിന്റെ പിടിയിലായത്.