
തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെ കൊച്ചിൻ ദേവസ്വം ബോർഡിനെതിരെ അതിരൂക്ഷ വിമർശനവുമായി തിരുവമ്പാടി ദേവസ്വം. തൃശൂർ പൂരത്തെ ഹൈജാക്ക് ചെയ്യാനാണ് ബോർഡ് ശ്രമിക്കുന്നതെന്നും ദേവസ്വം പ്രസിഡന്‍റ് കൊച്ചി രാജാവിനെപ്പോലെ പെരുമാറുന്നുവെന്നുംതിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ ആരോപിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിനെതിരെ ബിജെപി നേതൃത്വവും രംഗത്തെത്തി.
തൃശൂർ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് കഴിഞ്ഞദിവസം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടും സത്യവാങ്മൂലവും ആണ് തിരുവമ്പാടി ദേവസ്വത്തെ ചൊടിപ്പിച്ചത്. പൂരം കലങ്ങിയതിൽ തിരുവമ്പാടി ദേവസ്വത്തിനും ബിജെപിക്കും പങ്കുണ്ടെന്നും ഒരോ വർഷങ്ങളിലെ പൂരം നടത്തിപ്പിന് ഉന്നത അധികാര സമിതി വേണമെന്നും ദേവസ്വം ബോർഡ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് തിരുവമ്പാടി ദേവസ്വത്തിൻ്റെ അതിരൂക്ഷ വിമർശനം.
പൂരത്തെ ഹൈജാക്ക് ചെയ്യാനുള്ള നീക്കമാണ് കൊച്ചിൻ ദേവസ്വം ബോർഡ് നടത്തുന്നത്. ദേവസ്വങ്ങളുടെ കാര്യം നോക്കാൻ തങ്ങൾക്കറിയാം. രാഷ്ട്രീയക്കാരെ ഉൾപ്പെടുത്തി കൊണ്ടുള്ള ഉന്നതാധികാര സമിതി വേണ്ടെന്നുമാണ് തിരുവമ്പാടി ദേവസ്വത്തിന്‍റെ വിമർശനം.
Also Read: 'ശബരിമലയില്‍ പഴക്കം ചെന്ന ഉണ്ണിയപ്പം വിതരണം ചെയ്‌തത് ഗൗരവതരം'; രേഖാമൂലം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളെ കൂട്ടുപിടിച്ച് കൊച്ചിൻ ദേവസ്വം ബോർഡിനെതിരെ ബിജെപിയും നീക്കം ആരംഭിച്ചു. പൂരം കലക്കിയതിന് പിന്നിൽ ദേവസ്വങ്ങൾ ആണെന്ന് വരുത്തി തീർക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നും ബിജെപി നേതൃത്വം ആരോപിക്കുന്നു.