
സംസ്ഥാന സ്കൂൾ കായികമേളയിൽ ആവേശമുണർത്താൻ രണ്ടാം ദിനത്തിൽ ഗെയിംസ് മത്സരങ്ങൾ നടക്കും. ഇന്നലെ മാത്രം 7മീറ്റ് റെക്കോർഡുകൾ പിറന്ന നീന്തൽ മത്സരങ്ങളുടെ അവശേഷിക്കുന്ന ഫൈനലുകളാണ് ഇന്നത്തെ പ്രധാന ആകർഷണം. ഗെയിംസ് ഇനങ്ങളിൽ 280 മത്സരങ്ങൾ പൂ൪ത്തിയായപ്പോൾ കായികമേളയിൽ 687 പോയിന്‍റുമായി കുതിപ്പ് തുടർന്ന് തിരുവനന്തപുരം. 79 സ്വ൪ണവും 62 വെള്ളിയും 66 വെങ്കലവുമാണ് ഇതിനോടകം തിരുവനന്തപുരം സ്വന്തം പേരിലാക്കിയത്. 373 പോയിന്‍റോടെ തൃശൂ൪ രണ്ടാമതും 349 പോയിന്‍റോടെ തൊട്ട് പുറകിൽ കണ്ണൂ൪ ജില്ല മൂന്നാം സ്ഥാനത്തും തുടരുന്നു.
ക്രിക്കറ്റ് ഫുട്‌ബോൾ മത്സരങ്ങളുടെ ക്വാർട്ടർ,സെമി മത്സരങ്ങളും ടെന്നീസ് ബാഡ്മിന്റൺ അടക്കമുള്ള മറ്റ് മത്സരങ്ങളും ഇന്ന് വിവിധ വേദികളിലായി നടക്കും. മാറ്റി നിർത്തപ്പെട്ട ഒരു സമൂഹത്തെ ചേർത്തുപിടിച്ച് പുതു ചരിത്രമെഴുതുകയാണ് അറുപത്തിയാറാമത് സംസ്ഥാന സ്കൂൾ കായിക മേള. ഇതാദ്യമായി സവിശേഷ പരിഗണന അർഹിക്കുന്ന വിദ്യാർഥികളെ പങ്കെടുപ്പിക്കുന്ന മേള രാജ്യത്തിനു തന്നെ മാതൃകയാവുകയാണ്. ഈ കുട്ടികളുടെ സ്വപ്‌നങ്ങൾ കീഴടക്കാനും കൂടുതൽ ഉയരങ്ങൾ താണ്ടാനും ഇക്കൊല്ലം മുതൽ കായികമേള അവസരമൊരുക്കുകയാണ്.
ശാരീരിക ക്ഷമതയുള്ളവർക്കാണ് കായിക മേഖലയെന്ന പഴഞ്ചൻ ധാരണയെ മാറ്റി നിർത്തുകയാണ് ഇത്തവണത്തെ കായികമേള. വൈകല്യങ്ങൾ കാരണം കുട്ടികളെ മാറ്റി നിർത്താനുള്ള ഒരു കാരണമായി പറയേണ്ട എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും, ഈ മത്സരങ്ങൾ ഒരുപക്ഷെ നിരവധി പേരെ സ്വപ്നം കാണാൻ പ്രാപ്തരാക്കുമെന്നാണ് കരുതപ്പെടുന്നത്. അവരെ ചേർത്ത് പിടിക്കേണ്ട ഉത്തരവാദിത്വം ഇവിടുത്തെ സംവിധാനങ്ങളുടേതു കൂടിയാണ്.
കൂടാതെ പൊള്ളുന്ന വെയിലിൽ മത്സരങ്ങളിൽ പങ്കെടുത്തു തളർന്നാണ് കായിക താരങ്ങൾ കാത്തിരുക്കുന്ന രുചിയിടവും ഏറെ ശ്രദ്ധേയമാണ്. രുചികരമായ ഭക്ഷണം സ്നേഹത്തോടെ വിളമ്പുക മാത്രമല്ല, ഭക്ഷണം പാഴാക്കരുതെന്നും, നന്നായി ആഹാരം കഴിക്കണമെന്നുമടക്കമുള്ള കുഞ്ഞു ഉപദേശങ്ങളും മനോഹരമായി കുട്ടികൾക്ക് സംഘാടകർ കൈമാറുന്നുണ്ട്. ഇനിയിപ്പോൾ ആരെങ്കിലും കൂട്ടം തെറ്റി പോയാൽ അവരെ സുരക്ഷിതമായ കൈകളിൽ എത്തിക്കാനും രുചിയിടത്തിൽ ആളുകൾ തയ്യാറായി നിൽക്കുന്നു.