
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്ത് സുരേഷിന് ജാമ്യമില്ല. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മാര്‍ച്ച് 24നാണ് ഐബി ഉദ്യോഗസ്ഥയെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെച്ചു കുര്യൻ തോമസിന്റെ സിംഗിൾ ബെഞ്ചാണ് പ്രതിക്ക് മുന്‍കൂർ ജാമ്യം നിഷേധിച്ചത്.
സുകാന്തും ഐബി ഉദ്യോഗസ്ഥയും തമ്മിലുള്ള ടെലഗ്രാം ചാറ്റുകൾ പൊലീസ് ഡിജിറ്റൽ തെളിവായി ശേഖരിച്ചിരുന്നു. ഈ ചാറ്റുകൾ ചോർന്നു എന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പൊലീസിന്റെ കൈവശമുള്ള ചാറ്റുകൾ എങ്ങനെയാണ് ചോർന്നതെന്ന് കോടതി ചോദിച്ചു. പൊലീസിൽ നിന്നുതന്നെയാണ് ചാറ്റുകള്‍ ചോർന്നതെന്ന് കരുതേണ്ടി വരുമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ചാറ്റുകൾ ചോർന്നത് എങ്ങനെയെന്ന് അന്വേഷണം നടത്താം എന്ന് സർക്കാർ കോടതിയെ അറിയിച്ചു. ആധുനിക സൗകര്യങ്ങള്‍ ഉണ്ടായിട്ടും, ഒളിവിലുള്ള പ്രതിയെ പിടിക്കാൻ സാധിക്കാത്തതെന്തെന്നും പൊലീസിനോട് കോടതി ചോദിച്ചു.
പ്രതി സുകാന്തിൻ്റെ ഐഫോണിൽ നിന്നാണ് പൊലീസ് ചാറ്റുകൾ കണ്ടെടുത്തത്. ഇത് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ശക്തമായ തെളിവാണെന്നാണ് പൊലീസിന്റെ വാദം. ഫെബ്രുവരി ഒൻപതിനാണ് ഈ സംഭാഷണം നടന്നത്. 'എനിക്ക് നിന്നെ വേണ്ട' എന്നും 'നീ ഒഴിഞ്ഞ് പോയെങ്കിൽ മാത്രമേ എനിക്കവളെ കല്യാണം കഴിക്കാൻ സാധിക്കൂ' എന്നും സുകാന്ത് ചാറ്റിൽ പറയുന്നുണ്ട്. 'നീ പോയി ചാകണം' എന്നും പ്രതി നിരന്തരം യുവതിയോട് പറഞ്ഞിരുന്നു. പിന്നാലെയാണ് 'ഓഗസ്റ്റ് ഒന്‍പതിന് മരിക്കാൻ പോകുകയാണ്' എന്ന് യുവതി മറുപടി നൽകിയത്. എന്നാൽ, ആ തീയതിക്ക് മുൻപ് തന്നെ യുവതി ജീവനൊടുക്കി.
മാർച്ച് 24നാണ് ഐബി ഉദ്യോഗസ്ഥയെ റെയിൽവേ സ്റ്റേഷനിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 24 കാരിയായ യുവതിയുടെ മൃതദേഹം ചാക്ക റെയിൽവേ മേൽപ്പാലത്തിനു സമീപത്തെ ട്രാക്കിലാണ് കണ്ടെത്തിയത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ യുവതി യൂണിഫോമിലാണ് ഇവിടേക്ക് എത്തിയത്. യുവതി ട്രെയിനിന് മുന്നിലേക്ക് ചാടുന്നതായി കണ്ടതായി ലോക്കോ പൈലറ്റ് പേട്ട സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചിരുന്നു.