
താമരശേരി തഹസിൽദാർ തയ്യാറാക്കിയ സത്യവാങ്മൂലത്തിൽ ഒപ്പിടാൻ വിസമ്മതിച്ച് തിരുവമ്പാടിയിലെ റസാഖിൻ്റെ കുടുംബം. വൈദ്യുതി പുന:സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കത്തിൻ്റെ ഭാഗമായാണ് തഹസിൽദാർ റസാക്കിൻ്റെ കുടുംബത്തെ സന്ദർശിച്ചത്. എന്നാൽ കെഎസ്ഇബി ഓഫീസ് ആക്രമിച്ചതിൽ അജ്മലും സഹോദരനും ഖേദം പ്രകടിപ്പിക്കുന്നെന്ന പരാമർശങ്ങൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയതിനാലാണ് കുടുംബം ഒപ്പിടാൻ വിസമ്മതിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച കെഎസ്ഇബിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പരാതി പരിശോധിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടത്. ഇതിനിടെ, അജ്മലിന്റെ മാതാവ് കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ തിരുവമ്പാടി പൊലീസിൽ പരാതി നൽകി. വൈദ്യുതി വിച്ഛേദിക്കാൻ എത്തിയ ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് അജ്മലിന്റെ പിതാവ് യു സി റസാഖിന്റെ പേരിലുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചത്. ഇതിനായി എത്തിയ ലൈന്‍മാനെ യൂത്ത് കോണ്‍ഗ്രസ് നേതാവായ അജ്മലും സഹോദരനും ചേര്‍ന്ന് ആക്രമിച്ചിരുന്നു.
ഇതിനു പിന്നാലെ, സണ്‍റൈസ് മീറ്റിംഗ് സമയത്ത് സെക്ഷന്‍ ഓഫീസില്‍ കടന്നുകയറിയ അക്രമികള്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ദേഹത്ത് ഭക്ഷണാവശിഷ്ടങ്ങളടങ്ങുന്ന മലിനജലം ഒഴിക്കുകയും, സ്ത്രീകളുള്‍പ്പെടെയുള്ള ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു. കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഓഫീസ് ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. ആക്രമണത്തില്‍ ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിവരം.