
തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി സേവിയർ (62)ആണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേയാണ് അപകടമുണ്ടായത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. കരയിൽ ഉണ്ടായിരുന്നവരും സമീപത്തെ വള്ളങ്ങളിൽ ഉണ്ടായിരുന്നവരും ചേർന്നാണ് അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്തിയത്. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സേവിയർ മരിച്ചിരുന്നു. പരിക്കേറ്റ ജോൺസൺ, അനീഷ് എന്നിവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിൽ ജോൺസൻ്റെ പരിക്ക് ഗുരുതരമാണ്. മരിച്ച സേവ്യറിൻ്റെ മകൻ അനീഷിൻ്റെ ഉടമസ്ഥതയിലുള്ള ആവേ മരിയ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.